റിയാദ്: സൗദി അറേബ്യയിൽ പലയിടത്തും ശക്തമായ ഇടിവെട്ടും മഴയും പൊടിക്കാറ്റും. തിങ്കളാഴ്ച രാത്രി മുതൽ പൊടിക്കാറ്റുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെയാണ് മഴയും ഇടിവെട്ടുമെത്തിയത്. പൊടിക്കാറ്റ് തുടരുകയാണ്. നഗരത്തിന്റെ പലഭാഗത്തും മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. പൊടിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് തെരുവുകളില്‍ ജനമിറങ്ങാത്തത് കാരണം കച്ചവടക്കാരെ കാര്യമായി ബാധിച്ചു. മഴ കാരണം പലരും ഓഫിസിൽ വൈകിയാണെത്തിയത്.

പ്രധാന റോഡുകളിലെല്ലാം സ്ഥാപിച്ച ബോർഡുകളിൽ ട്രാഫിക് വിഭാഗം സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. ചവറുകളും മാലിന്യങ്ങളും പാതകളിലും അടിഞ്ഞത് കാൽനട യാത്ര ദുസ്സഹമാക്കി. നിരവധി സ്ഥാപനങ്ങളുടെ ബോർഡുകൾ കാറ്റില്‍ തലകുത്തി. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്നത് മൂലം ദൂരക്കാഴ്ച മങ്ങിയതും മഴ നനഞ്ഞു റോഡുകളിൽ വഴുക്കുണ്ടായതും കാരണം വാഹനങ്ങൾ വേഗതകുറച്ചാണ് ഓടിയത്.

ജാഗ്രതയോടെ വാഹനങ്ങളോടിയതിനാൽ അപകടങ്ങളൊന്നും കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ മാസം അവസാനത്തോടെ എത്താനിരിക്കുന്ന ചൂടിന്റെ വരവറിയിച്ചാണ് കാലവസ്ഥാ മാറ്റമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ