റിയാദ്: സൗദി അറേബ്യയില്‍ പ്രായപൂർത്തിയാകാത്തവരെ വധശിക്ഷക്ക് വിധിക്കുന്നത് നിര്‍ത്തലാക്കി. സൗദി രാജകുടുംബം മുന്നോട്ട് വച്ച പരിഷ്കരണങ്ങളിലെ ഏറ്റവും പുതിയ മാറ്റമാണിത്. രാജ്യത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഞായറാഴ്ച പ്രസ്താവന പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസം സൗദിയില്‍ ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കിയിരുന്നു. സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.

‘സല്‍മാന്‍ രാജാവിന്റെ നിർദേശപ്രകാരവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനം,’ ഉത്തരവില്‍ പറയുന്നു.

Read More: Covid-19 Live Updates: രാജ്യത്ത് 24 മണിക്കൂറിനിടെ 48 മരണം; കോവിഡ് ബാധിതർ 28,000 ആകുന്നു

വധശിക്ഷയ്ക്ക് പകരം പ്രായപൂർത്തിയാകാത്തവർക്ക് 10 വര്‍ഷത്തിനു മുകളിലല്ലാത്ത ജുവനൈല്‍ തടവ് ശിക്ഷയാണ് വിധിക്കുക. പുതിയ ഉത്തരവ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കും എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പ്രതീക്ഷിക്കുന്നത്.

ഇറാനും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്നായാണ് സൗദി അറേബ്യയെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ പട്ടികപ്പെടുത്തുന്നത്. റിപ്പോര്‍ട്ട് പ്രകാരം സൗദി അറേബ്യയില്‍ 2019 ല്‍ 184 വധശിക്ഷകളാണ് നടന്നത്. ആംനസ്റ്റിയുടെ കണക്ക് പ്രകാരം സൗദിയില്‍ ഒരു വര്‍ഷം നടന്ന വധശിക്ഷകളില്‍ ഏറ്റവും കൂടിയ കണക്കാണിത്. തൂക്കിലേറ്റപ്പെട്ട 184 പേരില്‍ ആറ് സ്ത്രീകളും, 178 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 2018 ല്‍ 149 പേരാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

സൗദിയില്‍ അഞ്ച് വര്‍ഷ ഭരണകാലയളവിനിടയില്‍ 800 പേരെ തൂക്കിലേറ്റിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ സര്‍വ്വേയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സൗദി രാജാവ് സല്‍മാന്റെ ഭരണകാലത്ത് തൂക്കിക്കൊലകള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2009-2014 വര്‍ഷക്കാലത്തെ അബ്ദുള്ള രാജാവിന്റെ ഭരണസമയത്ത് 423 തൂക്കിക്കൊലകളാണ് നടന്നത്. 2015 ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറിയതോടെയാണ് ഇത്രയധികം വധശിക്ഷകള്‍ നടന്നിരിക്കുന്നത്.

Read in English: Saudi Arabia abolishes death sentence for minors

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook