റിയാദ്: ചരിത്ര മാറ്റത്തിന് നാന്നി കുറിച്ച വർഷത്തിലൂടെയാണ് സൗദി അറേബ്യക്ക് കടന്നുപോയത്. ലോകശ്രദ്ധ സൗദിയിലേക്ക് കേന്ദ്രീകരിച്ച ദിനങ്ങൾ. നിർണ്ണായക നീക്കങ്ങളുടെ ഇരവു പകലുകൾ. ദേശീയ മാധ്യമ ഡെസ്കുകളും മാധ്യമ പ്രവർത്തകരും സൗദി വാർത്തകൾക്കായി ഹിമ വെട്ടാതെ കാത്ത് നിന്ന നിമിഷങ്ങൾ. ലോകത്തിന് മുന്നിൽ ശ്രദ്ധേയമായ നിലപാടുകളാൽ ശ്രദ്ധേയനായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ഉന്നതരടങ്ങിയ പട്ടികയില്‍ നിന്ന് 18 വോട്ടിന് ഈ വര്‍ഷത്തെ മാന്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാം 2018 ലെ സൗദി അറേബ്യയുടെ സവിശേഷതകളാണ്. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചതും, തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയതും, പുതു ചരിത്രം രചിച്ച പ്രഖ്യാപങ്ങളായിരുന്നു. ഒരു കൈയിൽ പഴയ മൊബൈൽ ഫോണും മറു കൈയിൽ ആധുനിക സ്മാർട്ട് ഫോണും ഉയർത്തി പിടിച്ച് “നിയോം” പദ്ധതി രാജ്യത്തുണ്ടാക്കുന്ന മാറ്റങ്ങൾ ഇങ്ങനെയാകുമെന്ന് പ്രഖാപിച്ച വർഷം കൂടിയാണ് 2018

ചരിത്ര പ്രഖ്യാപനങ്ങളും പ്രധാന സംഭവങ്ങളും.

വനിതകൾക്ക് വളയം പിടിക്കാൻ രാജ്യപ്രഖ്യാപനം

കഴിഞ്ഞ വർഷം ഏറെ ശ്രദ്ധ നേടിയ ഒരു പ്രഖ്യാപനമാണ് സൗദി വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയത്. സൗദി അറേബ്യയിൽ വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകിയെന്ന വാർത്ത പുറത്ത് വന്നതോടെ വാർത്ത വ്യാജമാണോ എന്നറിയാനുള്ള തിരക്കിലായിരുന്നു പലരും. അത്രയേറെ ആശ്ചര്യം നിറഞ്ഞതായിരുന്നു ആ പ്രഖ്യാപനം. വിപ്ലവകരമായ ആ തീരുമാനം 2018 ജൂൺ മാസം മുതൽ പ്രാബല്യത്തിലാകും. നിരവധി തൊഴിൽ സാധ്യതകൾ സൃഷ്‌ടിക്കുന്നതും സൗദി അറേബ്യയിലെ സ്ത്രീകൾക്ക് അംഗീകാരം നൽകുന്നതുമായ ഈ തീരുമാനം ലോകമൊട്ടാകെ പ്രശംസിക്കപ്പെട്ടു. സോഷ്യൽ മീഡിയ അഭിനന്ദന പ്രവാഹത്താൽ അണ പൊട്ടി. തീരുമാനം പ്രഖ്യാപിച്ച തീയതിയിൽ തന്നെ നടപ്പിലാക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും വിവിധ മന്ത്രായലയങ്ങളുടെ മേൽ നോട്ടത്തിൽ പുരോഗമിക്കുന്നുണ്ട്.

തിയേറ്ററുകൾക്ക് അനുമതി

സൗദിയിൽ തിയേറ്ററുകൾക്ക് അനുമതി നൽകി എന്നതും ലോകത്തെ അത്ഭുതപ്പെടുത്തിയ മറ്റൊരു പ്രഖ്യാപനമായിരുന്നു. പുതുവർഷാരംഭത്തിൽ തന്നെ ഈ പ്രഖ്യാപനം പ്രാബല്യത്തിലാകും. മാർച്ച് തുടക്കത്തിൽ തന്നെ തിയേറ്ററുകൾ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അറിയിച്ചത്. സ്വദേശികളും വിദേശികളും ഏറെ ആഹ്ലാദത്തോടെയാണ് ഈ പ്രഖ്യാപനം സ്വീകരിച്ചത്. സൗദിയുടെ സാമൂഹിക സാംസ്കാരിക രംഗത്ത് ഗുണകരമായ മാറ്റങ്ങൾക്ക് ഈ പ്രഖ്യാപനം വഴിയൊരുക്കുമെന്ന് വിലയിരുത്തുന്നു.

അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം

“അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ എന്റെ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലേക്ക്” ഡോണൾഡ് ട്രംപിന്റെ ഈ പ്രഖ്യാപനമാണ് ഈ സന്ദർശനത്തെ പ്രധാനമായും ലോക ശ്രദ്ധയാകർഷിച്ചത്. ഭീകരതയെ നേരിടാനുള്ള ഒരുക്കത്തിന്റെ തുടക്കം എന്ന നിലയിൽ അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കുക എന്നതായിരുന്നു ആ സന്ദർശന ലക്ഷ്യം. വലിയ പ്രാധാന്യത്തോടെയായിരുന്നു ഇരു രാജ്യങ്ങളും മാധ്യമങ്ങളും ഈ സന്ദർശനത്തെ കണ്ടിരുന്നത്. ആഗോള പ്രാദേശിക പ്രശ്നങ്ങളെ സംബന്ധിച്ച് സൗദി അറേബ്യക്കും അമേരിക്കക്കുമുള്ളത് സമാന വീക്ഷണങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവായിരുന്നു ഈ സന്ദർശനം.

“നിയമ ലംഘകരില്ലാത്ത രാജ്യം” സൃഷ്‌ടിക്കാൻ പൊതുമാപ്പ്

കഴിഞ്ഞ മെയ് മാസത്തിലാണ് “നിയമ ലംഘരില്ലാത്ത രാജ്യം” എന്ന തലവാചകത്തിൽ സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫാണ് ഔദ്യോഗികമായി വിദേശികൾക്ക് ഏറെ ആശ്വാസം പകർന്ന ഈ കാരുണ്യ പ്രഖ്യാപനം നടത്തിയത്. 90 ദിവസം നീണ്ടു നിൽക്കുന്ന പ്രചാരണ കാമ്പയിനിൽ ഹജ്ജ് ഉംറ വിസയിൽ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ, താമസ രേഖയിൽ സ്പോൺസർ ഒളിച്ചോടിയെന്ന സ്റ്റാറ്റസിൽ തുടരുന്നവർ, സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടരുന്നവർ തുടങ്ങിയ നിയമ ലംഘകർക്ക് പിഴ ശിക്ഷയോ തടവോ ഇല്ലാതെ രാജ്യം വിടാനും തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാനും അനുമതി നൽകി.

“നിയോം” എന്ന സ്വപ്ന പദ്ധതി

ലോകത്തിന്റെ വികസന സ്പന്ദങ്ങൾക്കൊപ്പം ചലിക്കാൻ സൗദി അറേബ്യ ഒരുങ്ങിയെന്ന് വിളിച്ചോതുന്നതായിരുന്നു ആ പ്രഖ്യാപനം. അരലക്ഷം കോടി ഡോളർ ചിലവിട്ട് “നിയോം” എന്ന ശീർഷകത്തിൽ മെഗാ സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചപ്പോൾ മാറ്റത്തിന്റെയും പുരോഗതിയുടെയും പുതിയ പുലരിയിലേക്കാണ് രാജ്യം ഉണരാൻ പോകുന്നതെന്ന് സ്വദേശികളും വിദേശികളും ആവേശം കൊണ്ടു.

“അഖബ” തുറമുഖത്തിനടുത്ത് നടപ്പിലാകാൻ പോകുന്ന പദ്ധതിയിൽ സൗദിക്ക് പുറമെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുടെ ഭൂപ്രദേശവും ഉൾപെടും. ഊർജം, ശുദ്ധജലം, ഗതാഗതം, സാങ്കേതിക വിദ്യ, ഭക്ഷ്യ വിഭവം, സയൻസ് ആന്റ് ഡിജിറ്റൽ ടെക്നോളജി, വ്യവസായം, മീഡിയ, വിനോദം, എന്നീ മേഖലകളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുക. പദ്ധതി വഴി രാഷ്ട്രത്തിന്റെ വികസനവും സാധ്യമാക്കലും തൊഴിലവസരങ്ങളും സൃഷ്‌ടിക്കലാണ് ലക്ഷ്യം.

സോഫിയ ചരിത്രത്തിന്റെ ഭാഗമായ വർഷം

ഹോങ്കോങ്ങിലെ ഹാന്‍സന്‍ റോബോട്ടിക്‌സ് നിര്‍മിച്ച “സോഫിയ” എന്ന് പേരിട്ട റോബോട്ടിന് സൗദി പൗരത്വം നല്‍കിയതാണ് കഴിഞ്ഞ വർഷത്തെ മറ്റൊരു പ്രധാന സംഭവം. റിയാദില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു സംഭവം. ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്’ എന്ന വിഷയത്തില്‍ റിയാദില്‍ നടക്കുന്ന മൂന്നു ദിവസത്തെ ആഗോള നിക്ഷേപക സംഗമത്തിലാണ് ഒരു യന്ത്ര മനുഷ്യന് ആദ്യമായി പൗരത്വം നൽകി രാജ്യം ശ്രദ്ധ നേടിയത്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ