മനാമ: യുഎഇക്കു പിന്നാലെ സൗദിയും ബഹ്‌റൈനും രാജ്യത്തിനകത്ത് ഖത്തറിനോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നത് കുറ്റകൃത്യത്തില്‍പ്പെടുത്തി. സംസാരത്തിലോ എഴുത്തിലോ സോഷ്യൽ മീഡിയയില്‍ ഖത്തര്‍ സര്‍ക്കാരിനോട് അനുഭാവവും പക്ഷപാതിത്വവും പ്രകടിപ്പിക്കുകയോ ബഹ്‌റൈന്‍ നിലപാടുകളെ എതിര്‍ക്കുകയോ ചെയ്യുന്നത് പീനല്‍ കോഡ് പ്രകാരം കുറ്റകൃത്യമാണെന്നും അവര്‍ക്ക് അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും ലഭിക്കുമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതത്വവും ആഭ്യന്തര സമാധാനവും പാലിക്കാനും ഉന്നതമായ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുകയും സൗദിയും ഇതര ഗള്‍ഫ് രാജ്യങ്ങളും ഖത്തറിനെതിരെ സ്വീകരിച്ച നിലപാടുകളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് സൗദി അറ്റോര്‍ണി മുശറഫ് അല്‍ഖശ്‌റമി അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാലും ഇതേ ശിക്ഷ ലഭിക്കും.

ഇന്റര്‍നെറ്റിലോ കംപ്യൂട്ടറിലോ ഭീകര സംഘടനകള്‍ക്കു വേണ്ടി വെബ്‌സൈറ്റ് നിര്‍മിക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കുക, ദേശീയ സുരക്ഷയെയും ദേശീയ സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന വിവരങ്ങള്‍ക്കായി അനധികൃതമായി വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പത്തു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താനും നിയമം അനുശാസിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിനകത്ത് ഖത്തര്‍ അനുകൂലമായി സംസാരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സോഷ്യല്‍ മീഡിയയിലോ, എഴുത്തിലോ, സംസാരത്തിലോ ഖത്തറിനോട് സഹാനുഭൂതിയോ പക്ഷപാതിത്വമോ കാണിക്കുന്നവരെ 15 വര്‍ഷം തടവിനും അഞ്ചു ലക്ഷം ദിര്‍ഹവരെ പിഴയൊടുക്കാനും ശിക്ഷിക്കുമെന്നും കഴിഞ്ഞ ദിവസം യുഎഇ അറിയിച്ചിരുന്നു.

അതേസമയം, ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം കുവൈത്ത് ഊര്‍ജിതമാക്കി. മുസ്‌ലിം ബ്രദര്‍ഹുഡിനും ഹമാസിനുമുള്‍പ്പെടെ തീവ്രവാദ സംഘടനകള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഖത്തര്‍ അവസാനിപ്പിക്കാതെ ഉപരോധം മാറ്റില്ലെന്നു മോസ്‌കോയിലെ യുഎഇ അംബാസഡര്‍ ഒമര്‍ സെയ്ഫ് ഗൊബാഷ് അറിയിച്ചു. ബിബിസി റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook