റിയാദ് : സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെ എംബസിയിൽ ഇന്നും ഔട്ട് പാസിനായി അപേക്ഷകരുടെ തിരക്ക്. പൊതുമാപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കാലവധി അവസാനിക്കുന്ന തിയതിയും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമായിരുന്നു. സൗദിയിലുള്ള ഇന്ത്യൻ പൗരന്മാരെ എംബസ്സി മാധ്യമങ്ങൾ വഴിയും സാമൂഹ്യ പ്രവർത്തകർ മുഖേനയും ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പൊതുമാപ്പ് അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ഇതൊന്നും മുഖവിലക്കെടുക്കാത്തവരാണ് ആശങ്കയിലായത്.

നാളെ എക്സിറ്റ് വിസ ലഭിക്കാതെ വന്നാൽ അവർ രാജ്യത്ത് നിയമ ലംഘകരായി തുടരേണ്ടി വരും. അനുവദിച്ച സമയത്തിന് ശേഷവും നിയമലംഘകരായ രാജ്യത്ത്‌ തങ്ങിയാൽ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും പിന്നീട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാകും തിരിച്ചയക്കുക എന്നും സൗദി പാസ്പോർട്ട് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമ ലംഘകർക്ക് സഹായം ചെയ്യുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ഗതാഗതം, പാർപ്പിടം, ജോലി തുടങ്ങിയ സൗകര്യം നൽകുന്ന വിദേശികളും സ്വദേശികളും വലിയ തുക പിഴ നൽകേണ്ടി വരുമെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചിരുന്നു.

പല രീതിയിലുളള വ്യാജ പ്രാചാരങ്ങൾ പെരുകിയപ്പോഴും യഥാർത്ഥ വിവരങ്ങൾ അറിയിച്ച് ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് പാസ്പോർട്ട് (GDP) വിഭാഗം വിദേശികളുടെ മൊബൈലിലേക്ക് തുടരെ സന്ദേശങ്ങൾ അയച്ചിരുന്നു . അനധികൃത താമസക്കാരെ കണ്ടെത്താൻ നിലവിൽ പോലീസ് പരിശോധന നടക്കുന്നുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കും. തൊഴിൽ വകുപ്പും, പോലീസും, ജവാസാത്തും ചേർന്നാണ് പരിശോധന നടക്കുക. സ്ഥാപനങ്ങളിൽ സ്‌പോൺസറുടെ കീഴിലാണോ ജോലി ചെയ്യുന്നതെന്ന് പരിശോധന ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തും. നിയമലംഘനം കണ്ടെത്തിയാൽ തൊഴിലാളിയും തൊഴിലുലുടമയും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

“നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന തലവാചകത്തിൽ സൗദിയിൽ പൊതുമാപ്പ് മാർച്ച് 19 ന് പ്രഖ്യാപിച്ചിരുന്നു. മാർച്ച് 29 മുതൽ മൂന്നുമാസമായിരുന്നു കാലാവധി. സൗദിയിലെ അനധികൃത താമസക്കാർക്ക് മൂന്ന് മാസത്തിനുള്ളിൽ ശിക്ഷയൊന്നുമില്ലാതെ നാടു വിടാനുള്ള അവസരമൊരുക്കി പൊതുമാപ്പ് പ്രഖ്യാപനം നടപ്പിലാക്കിയത്.

ഇഖാമ, തൊഴിൽ നിയമ ലംഘനം നടത്തിയവർക്ക് പൊതുമാപ്പ് ലഭിക്കും. ഹജ്ജ്, ഉംറ വിസയിൽ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ, താമസ രേഖയിൽ സ്പോൺസർ ഒളിച്ചോടിയെന്ന സ്റ്റാറ്റസിൽ തുടരുന്നവർ, സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടരുന്നവർ, എന്നിവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. പിഴകളും ഫീസുകളും മറ്റു ശിക്ഷാ നടപടികളും കൂടാതെ ഇവർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് സാധിക്കും. പൊതുമാപ്പ് കാലയളവിൽ  സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കുക.

ഈ സംവിധാനത്തിലൂടെ നിരവധിപേർ സ്വരാജ്യങ്ങളിലേയ്ക്ക് മടങ്ങി. കഴിഞ്ഞ മാസം കാലവധി അവസാനിക്കാനിരിക്കെ ഒരു മാസം കൂടെ പൊതുമാപ്പിന്റെ കാലാവധി നീട്ടി നൽകുകയായിരുന്നു. ഈ​ കാലാവധിയാണ് അവസാനിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ