സൗദിയിൽ ശൈത്യകാല കാർഷിക ചന്ത: ഉത്സവ പ്രതീതിയിൽ ദരിയ്യ നഗരം

വിവിധയിനം ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന ചന്തയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരുന്നു

saudi arabia, ie malayalam

റിയാദ്: സൗദി തലസ്ഥാനത്തെ പൗരാണിക നഗരമായ ദരിയ്യയാണ് സൗദി കാർഷിക ചന്തക്ക് വേദിയായത്. “ഭൂമിയുടെ നന്മകളാൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്ന തലവാചകത്തിൽ സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് മേള നടന്നത്. ശനിയാഴ്ച ഉച്ചക്ക് ഒരുമണിമുതൽ വൈകീട്ട് ഏഴു മണി വരെ നടന്ന ചന്തയിലേക്ക് വിദ്യാർഥികൾ, വീട്ടമ്മമാർ,കർഷകർ,തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളൊഴുകി. വിവിധയിനം ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന ചന്തയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരുന്നു.

saudi arabia, ie malayalam

ദരിയ്യ നഗരത്തിനടുത്ത് പ്രത്യേകം ഒരുക്കിയ മൈതാനിയിലെത്തി റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവരെ മേളക്കായി ഒരുങ്ങിയ റാസൽഖൈമ തോട്ടത്തിൽ പ്രത്യേകം സജ്ജമാക്കിയ ബസ്സിൽ കൊണ്ട് പോയി തിരിച്ചു കൊണ്ടുവരുന്നതിന് സംഘടനകൾ സൗകര്യമൊരുക്കിയിരുന്നു. ജൈവ കൃഷി ചെയ്‌ത പച്ചക്കറികൾ, പഴങ്ങൾ, ഇലകൾ, പൂക്കൾ തുടങ്ങിയവയാണ് ചന്തയിലെ പ്രധാന ആകർഷണം. കുടിൽ വ്യവസായികൾ നിർമിച്ച സുഗന്ധദ്രവ്യങ്ങൾ, ഫേസ് പൗഡർ, ഗിഫ്റ്റ് ഐറ്റംസുകൾ, പല തരത്തിലുള്ള സോപ്പുകൾ, പ്ലാസ്റ്റിക് നിർമിത പൂക്കൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, പഴങ്ങൾ കൊണ്ട് നിർമിച്ച ബൊക്കെകൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് വിൽപനക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്‌.

saudi arabia, ie malayalam

അപകടകരമായ കെമിക്കലുകളോ മായമോ ചേർക്കാത്ത ഉൽപന്നങ്ങളാണ് മേളയിലെ പ്രധാന ആകർഷണം. ഇത്തരം ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടാൻ ആവശ്യക്കാർ ഏറെ എത്തുന്നുന്നുണ്ട്. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലെ തോട്ടങ്ങളിൽ നിന്നായി ചെടികളും ധാന്യങ്ങളും വിത്തുകളും മേളയിൽ എത്തിയിട്ടുണ്ട്. ഓറഞ്ചിന്റെ വിളവെടുപ്പ് കാലം കൂടിയായതിനാൽ വിവിധയിനം ഓറഞ്ചുകൾ മേളക്ക് മധുരം പകരാൻ ഗ്രാമം കടന്ന് നഗരത്തിലെത്തിയിട്ടുണ്ട്. ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ വലിയ സഹായമാണ് ഇത്തരം മേളകളെന്നും കാർഷികവൃത്തി ഉപജീവനമായി കാണുന്നവർക്കും ഈ മേഖലയിൽ മുതലിറക്കുന്നവർക്കും ഇത്തരം മേളകൾ വലിയ രീതിയിലുള്ള പ്രചോദനം നൽകുമെന്നും മേളക്കെത്തിയ കർഷകരും സംരംഭകരും പറയുന്നു.

saudi arabia, ie malayalam

സ്ത്രീകൾക്ക് കാർഷിക സംരംഭക രംഗത്ത് നിർഭയം അടിയുറപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു മേള. ചെറുതും വലുതുമായ നിരവധി സ്റ്റാളുകളും, മൊബൈൽ ഭക്ഷണ ശാലകളും മേളയിലുണ്ട്. അറബ് സംഗീതത്തിലെ പ്രധാന ഇനമായ ഊദ് വായനയുടെ അകമ്പടിയോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി വിനോദ പരിപാടികളും മേളയുടെ ഭാഗമായുണ്ട്. സൗദി പരിസ്ഥിതി ജല കൃഷി വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ അൽ ഫാദി, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സിഇഒ ഡോ.ഹിഷാം അൽ ജദായി ഉൾപ്പടെ നിരവധി പ്രമുഖർ മേള സന്ദർശിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Saudi agriculture market saturday

The moderation of comments is automated and not cleared manually by malayalam.indianexpress.com