റിയാദ്: സൗദി അറേബ്യയില്‍ അക്കൗണ്ടന്റുമാര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കു വിധേയമാക്കാതെ ഒരു വര്‍ഷത്തെ റജിസ്ട്രേഷന് അവസരം. https://eservice.socpa.org.sa എന്ന ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രൊഫഷണല്‍ റജിസ്ട്രേഷനില്ലാതെ ഇഖാമ പുതുക്കാനാകില്ലെന്ന തൊഴില്‍ നിയമം കഴിഞ്ഞദിവസം നിലവില്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണു പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.
കോഴ്സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഇഖാമ കോപ്പി, പാസ്പോര്‍ട്ട് കോപ്പി, എന്നിവയ്ക്കൊപ്പം സോക്പ ഓണ്‍ലൈനിനുള്ള സത്യവാങ്മൂലം പ്രിന്റ് ചെയ്ത് ഒപ്പിട്ടശേഷം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിച്ചാല്‍ അപേക്ഷയോടൊപ്പം നല്കിയ ഇ-മെയിലിലേക്കു വെരിഫിക്കേഷന് ലിങ്ക് വരും. അതു ക്ലിക്ക് ചെയ്ത് ആക്റ്റിവേഷന്‍ ചെയ്താല്‍ നടപടി പൂര്‍ത്തിയായി.
തുടര്‍ന്ന് ഒരു വര്‍ഷത്തെ റജിസ്ട്രേഷന് ഫീസായി 800 സൗദി റിയാലും 40 സൗദി റിയാല്‍ വാറ്റും ചേര്‍ത്ത് 840 സൗദി റിയാല്‍ ഓണ്‍ലൈനായി അടയ്ക്കണം. തുക സ്വീകരിച്ചു കഴിഞ്ഞാല്‍ മിനുറ്റുകള്‍ക്കകം റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍നിന്നു പ്രിന്റെടുക്കാം.
ഒരു വര്‍ഷം കഴിഞ്ഞു റജിസ്ട്രേഷന് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ അംഗീകൃത ഏജന്‍സികളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ രേഖകള്‍ സമര്‍പ്പിക്കണം.