മനാമ: സമസ്ത ബഹ്റൈന്‍ -ഗുദൈബിയ ഘടകം സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരന്പര വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി സമസ്ത ബഹ്റൈനില്‍ നടത്തി വരുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയുടെ അഞ്ചാം വാര്‍ഷിക പ്രഭാഷണ പരന്പരയാണ് മാര്‍ച്ച് 31, ഏപ്രില്‍ 1, 3 (വെള്ളി, ശനി, തിങ്കള്‍) എന്നീ ദിവസങ്ങളിലായി നടക്കുന്നത്. ശൈഖുനാ മാണിയൂര്‍ ഉസ്താദ്, അല്‍ ഹാഫിള് കബീര്‍ ബാഖവി, അല്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി, അബ്ദുല്‍ ഫത്താഹ് ദാരിമി എന്നിവരും സ്വദേശി പ്രമുഖരും വിവിധ ദിവസങ്ങളിലായി സംസാരിക്കും.

വെള്ളിയാഴ്ച രാത്രി 7 മണിക്ക് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, ഏപ്രില്‍ 1ന് ശനിയാഴ്ച രാത്രി 7 മണിക്ക് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം എന്നിവര്‍ വിവിധ വിഷയങ്ങളിലായി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലാണ് പ്രഭാഷണം നടത്തുക. സമാപന ദിവസമായ തിങ്കളാഴ്ച രാത്രി 8.30ന് കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ വിപുലമായ പ്രാര്‍ത്ഥനാ സദസ്സും പ്രഭാഷണവും നടക്കും. ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. ജാമിഅ അസ്അദിയ്യ പ്രൊഫസറും പ്രമുഖ വാഗ്മിയുമായ അബ്ദുല്‍ ഫത്താഹ് ദാരിമിയുടെ പ്രഭാഷണവും നടക്കും.

സമകാലിക വിഷയങ്ങളിലുള്ള ഉത്ബോധനത്തോടൊപ്പം ബഹ്റൈനിലും നാട്ടിലും പ്രവാസി മലയാളികള്‍ക്കു വേണ്ടിയുള്ള വിവിധ ജീവ കാരുണ്യ പദ്ധതികളും ത്രിദിന പ്രഭാഷണ പരമ്പരയുടെ ലക്ഷ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വാര്‍ഷിക പ്രഭാഷണ വേദികളില്‍ നിന്നും സ്വരൂപിച്ച ഫണ്ടു ഉപയോഗിച്ച് 100 പേര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം, നിര്‍ധനരും പ്രായാധിക്യവുമുള്ള 35 പേര്‍ക്ക് ഉംറ സര്‍വ്വീസ്, എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിലുള്‍പ്പെടുത്തിയ രോഗികളുടെ ചികിത്സാ ചിലവ് തുടങ്ങിയവ നടത്താന്‍ കഴിഞ്ഞതായു സംഘാടകര്‍ അറിയിച്ചു. ഇത്തരം ജീവ കാരുണ്യ-സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന സുപ്രധാനമായ 5 ജീവകാരുണ്ണ്യ പദ്ധതികളുടെ പ്രഖ്യാപനവും പ്രഭാഷണ വേദിയില്‍ നടക്കുമെന്നും അവര്‍ വ്യക്തമാക്കി.

പ്രഭാഷണ പരമ്പരയുടെ വിജയത്തിന് വേണ്ടി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അന്‍സാര്‍ അന്‍വരി കൊല്ലം, ഹാരിസ് മാട്ടൂല്‍, എസ്.എം. അബ്ദുല്‍ വാഹിദ്, എസ്.വി.ജലീല്‍ സാഹിബ് എന്നിവര്‍ രക്ഷാധികാരികളും അബൂബക്കര്‍ ഹാജി(ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ മാട്ടൂല്‍(കണ്‍വീനര്‍), ശിഹാബ് അറഫ(ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ബഹ്റൈനില്‍ വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള സുന്നി ജമാഅത്തിന്‍റെ 15 ഓളം ഏരിയ കമ്മറ്റികള്‍ കേന്ദ്രീകരിച്ച് ബഹ്റൈനിലുടനീളം പള്ളികളിലും സമസ്ത മദ്രസകളിലും വിവിധ പ്രചരണ പരിപാടികളും സന്ദേശ പ്രചരണവും അടുത്ത ദിവസങ്ങളില്‍ നടക്കും.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളോടു കൂടെയുള്ള സദസ്സും, സദസ്സിന്‍റെ എല്ലാ ഭാഗത്തു നിന്നും പ്രഭാഷകനെ കാണാനും കേള്‍ക്കാനും കഴിയുന്ന വിധമുള്ള ഡിജിറ്റല്‍ സൗകര്യമുള്ള ഡിസ്പ്ലെ സിസ്റ്റ വും സജ്ജീകരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറസാഖ് നദ് വി കണ്ണൂര്‍, സംഘാടകരായ അശ്റഫ് കാട്ടില്‍ പീടിക, അബ്ദുറഹ് മാന്‍ മാട്ടൂല്‍, സനാഫ് റഹ് മാന്‍, ഉസ്മാന്‍ ടിപി, താജുദ്ധീന്‍ മുണ്ടേരി, ശിഹാബ് അറഫ, സഈദ് ഇരിങ്ങല്‍, ഹാരിസ് പഴയങ്ങാടി, ജബ്ബാര്‍ മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ