മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സമസ്ത കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ 100-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും സമസ്തയുടെ ചരിത്രത്തില്‍ തീവ്രവാദ ആരോപണങ്ങളോ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്നു മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിര്‍ക്കുകയും പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. ഇന്ന് കേരളത്തില്‍ മത സൗഹാർദ്ദം നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത. ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളെ അപേക്ഷിച്ച് കേരളത്തില്‍ സമാധാനവും മത സൗഹാര്‍ദ്ദവും ഏറ്റവും നന്നായി നിലനില്‍ക്കുന്നുണ്ടെന്നും ഇത് സമസ്തയുടെ സാന്നിധ്യം കൊണ്ടാണെന്നും ഇതര സ്റ്റേറ്റുകളില്‍ സമസ്തയുടെ അസാന്നിധ്യം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫില്‍ ചില രാഷ്ട്രങ്ങളില്‍ മത പഠനങ്ങള്‍ക്ക് വിലക്കുണ്ട് എന്നത് ശരിയല്ല. എല്ലാ രാഷ്ട്രങ്ങളും അവരുടെ സുരക്ഷയും സംരക്ഷണവും ശ്രദ്ധിക്കുന്നവരാണ്. അതിന്‍റെ ഭാഗമായി ആവശ്യമായ നിയന്ത്രണങ്ങളും നിയമങ്ങളും അവര്‍ കൊണ്ടുവരും, കൊണ്ടുവരേണ്ടതുമാണ്. അതേ സമയം വിവിധ രാഷ്ട്രങ്ങളില്‍ ഔഖാഫ്, മതകാര്യവിഭാഗങ്ങള്‍ എന്നിവയുടെ അനുമതിയോടെ നല്ല രീതിയില്‍ മതപഠനങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook