റിയാദ്: ഖത്തറി ഹജ് തീര്‍ഥാടകര്‍ക്കായി അതിർത്തി തുറന്ന് കൊടുക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. കരമാർഗം എത്തുന്നവർക്കായി സൽവ അതിർത്തി തുറന്ന് കൊടുക്കുന്നതിന് പുറമെ സൗദി എയർലൈൻസിന്റെ വിമാനത്തിൽ ദോഹയിൽ നിന്ന് സൗദിയിലേക്ക് തീര്‍ഥാടകർക്കായി സർവീസ് ആരംഭിക്കാനും ഉത്തരവായി.
സല്‍വ അതിര്‍ത്തി വഴി എത്തുന്ന ഹജ് തീര്‍ഥാടകരെ ഇലക്‌ട്രോണിക് പാസ് ഇല്ലാതെയും അതിർത്തി കടക്കാൻ അനുവദിക്കും. കരമാർഗം എത്തുന്നവരെ ദമാം കിങ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അല്‍ ഹസ്സ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്നും രാജാവിന്റെ അതിഥികളായി പരിഗണിച്ച് സൗജന്യമായി ഹജ് നടക്കുന്ന പ്രദേശങ്ങളിൽ എത്തിക്കുമെന്ന് ഉത്തരവിൽ പറയുന്നു. കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഹജ് ഉംറ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ സൗജന്യയാത്ര. അതേസമയം ദോഹയിൽ നിന്ന് നേരിട്ട് വിമാനത്തിൽ എത്തുന്ന തീര്‍ഥാടകർ സ്വയം ചെലവ് വഹിക്കണം.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ ഖത്തർ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ അലി ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ താനിയുമായി ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്ന് തയാറാക്കിയ പദ്ധതി സൽമാൻ രാജാവിന്റെ അനുമതിക്കായി നൽകുകയായിരുന്നു എന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സഊദി പ്രസ് ഏജന്‍സി പറയുന്നു. ഇതിനെ തുടർന്നായിരുന്നു രാജാവിന്റെ ഉത്തരവ് വന്നത്. സൗദി-ഖത്തർ ബന്ധം ചരിത്രപരമാണെന്നും സൗദി നേതൃത്വവും ഖത്തർ രാജകുടുംബവും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും കിരിടീവകാശി പറഞ്ഞു. ഉപരോധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സൗദി കിരീടാവകാശി ഖത്തർ നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്.
സൗദിയും ഖത്തറും കരമാർഗം പങ്കിടുന്ന ഏക അതിർത്തിയായ സൽവ കഴിഞ്ഞ ജൂണിലാണ് പൂർണമായും അടച്ചിട്ടത്. സൗദി, ബഹ്‌റൈൻ, യു എ ഇ, ഈജിപ്ത് തുടങ്ങിയ നാല് രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നായിരുന്നു അതിർത്തി അടച്ചിട്ടത്. പുതിയ ഈ സംഭവ വികാസങ്ങൾ നിലവിൽ സൗദിയും ഖത്തറുമായുള്ള പ്രശ്നങ്ങൾ ലഘൂകരിക്കാനും ആശാവഹമായ പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കാനും കഴിയുമെന്നാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.