റിയാദ്: പൊതുമേഖലയിലെ തൊഴിലാളികൾക്ക് നൽകി വന്നിരുന്ന അലവൻസും ആനുകൂല്യങ്ങളും പുനഃസ്ഥാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സൽമാൻ രാജാവ് പുറപ്പെടുവിച്ച ഉത്തരവ് പ്രതീക്ഷകൾ മങ്ങിയ സൗദി കമ്പോളത്തിന് ഉണർവേകി. സൽമാൻ രാജാവിന്റ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ടും രാജാവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചും സോഷ്യൽ മീഡിയയിൽ സന്ദേശങ്ങളൊഴുകി. ഉത്തരവ് പുറത്തിറങ്ങിയതോടെ വിപണി ഉണർന്ന് തുടങ്ങി. സൗദി ഷയർ മാർക്കറ്റിലും കുതിപ്പുണ്ടായി. സാധാരണക്കാരായ ആയിരക്കണക്കിന് സ്വദേശികൾക്ക് വലിയ അനുഗ്രഹമായാണ് കഴിഞ്ഞ ദിവസം രാജാവിന്റെ പ്രഖ്യാപനം. പുനഃസ്ഥാപിച്ച അലവൻസും മറ്റ് ആനുകൂല്യങ്ങളും മെയ് മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ അറിയിച്ചു. അതേസമയം ഉത്തരവ് പ്രാബല്യത്തിലായ മാസം മുതലുള്ള ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി നിരവധി സാമ്പത്തിക അച്ചടക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിതിയിൽ ശക്തമായ പുരോഗതി കൈവരിക്കാനായെന്നും ധനകാര്യ മന്ത്രി മന്ത്രി പറഞ്ഞു. ശരിയായ രീതിയിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ ഫലം കണ്ട് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണ വിപണിയിലെ തകർച്ചയെ തുടർന്ന് സൗദി അറേബ്യ കനത്ത സാമ്പത്തിക അച്ചടക്കം പാലിച്ചിരുന്നു. പൊതു ചിലവുകൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളിലൂടെ ഈ വർഷം ഇതു വരെ 1700 കോടി റിയാലാണ് സൗദി ഗവൺമെന്റിനുണ്ടായ ലാഭം.

സർക്കാർ പദ്ധതികളുടെ ചിലവുകൾ കുറക്കുന്നതിന് പ്രതേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. 2016 ൽ പ്രവർത്തിച്ചു തുടങ്ങിയ ചിലവ് ചുരുക്കൽ കമ്മറ്റി 8000 കോടി സൗദി റിയാലാണ് കഴിഞ്ഞ വർഷം ചിലവ് ചുരുക്കൽ വഴി മാത്രം സർക്കാർ ഖജനാവിലെത്തിച്ചത്. 2018 ആദ്യ മാസം മുതൽ സൗദിയിൽ നിലവിൽ വരുന്ന മൂല്യ വർധിത നികുതി നടപ്പാക്കുന്നതിന് സൗദി ഒരുക്കങ്ങൾ പൂർത്തിയാക്കി. അതേസമയം വിദേശികൾക്ക് സാധ്യത മങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. മൊബൈൽ മേഖലയിൽ സമ്പൂർണ സ്വദേശിവൽക്കരണം വന്നതോടെ നിരവധി വിദേശികൾക്കാണ് ജോലി നഷ്‌ടമായത്‌. സ്വദേശി വൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന വാർത്തകൾ ദിനേന പുറത്ത് വന്ന് കൊണ്ടിരിക്കുമ്പോൾ വിദേശികൾ ആശങ്കയിലാണ്.

മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികൾ ജോലിചെയ്യുന്ന ഷോപ്പിങ് മാളുകളിൽ സ്വദേശിവൽക്കരണം എന്ന തീരുമാനം നടപ്പാകുകയാണെങ്കിൽ കൂടുതൽ വിദേശികൾ തൊഴിൽ രഹിതരാകും. അതേസമയം സൗദികളുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപതിച്ചത് വഴി വിപണിയിലുണ്ടാകുന്ന ഉണർവ് കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാകാനും കമ്പോളം അഭിവൃദ്ധിപ്പെടാനും സാധ്യത ഏറെയാണ്. ഇത് സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ആശ്വാസകരമാണ്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ