റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഒരു മാസം നീണ്ട് നിൽക്കുന്ന വിദേശ പര്യടനം അടുത്ത ആഴ്ച ആരംഭിക്കും. അഞ്ച് ഏഷ്യൻ രാജ്യങ്ങളാണ് സന്ദർശിക്കുക. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായികളും രാജാവിനെ അനുഗമിക്കും. ആദ്യ മൂന്നു ദിവസം മലേഷ്യയിലായിരിക്കും സന്ദർശനം. മലേഷ്യയും സൗദി അറേബ്യയും വിവിധ മേഖലകളിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാ പത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. തുടർന്ന് രണ്ടാഴ്ച ഇന്തോനേഷ്യയിൽ ചിലവിടും.

ഫൈസൽ രാജാവിന്റെ സന്ദർശനത്തിന് ശേഷം ഇന്തോനേഷ്യ സന്ദർശിക്കുന്ന ആദ്യത്തെ സൗദി ഭരണാധികാരിയാണ് സൽമാൻ രാജാവ്. 2500 കോടി ഡോളറിന്റെ സൗദി നിക്ഷേപം ഇന്തോനേഷ്യയിൽ എത്തിക്കുന്നതിന് സൽമാൻ രാജാവിന്റെ സന്ദർശനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയിൽ നിന്ന് നാല് ദിവസത്തെ സന്ദർശനത്തിന് ചൈനയിലേക്ക് പോകും. ഇതിന് ശേഷമാണ് മൂന്ന് ദിവസത്തെ ജപ്പാൻ സന്ദർശനം.
ആദ്യമായി ടോക്കിയോ സന്ദർശിക്കുന്ന സൗദി ഭരണാധികാരിയെന്ന എന്ന പ്രതേകത കൂടിയുണ്ട് ജപ്പാൻ സന്ദർശനത്തിന്. മാലദ്വീപ് സന്ദർശനത്തോടെ രാജാവിന്റെ ഏഷ്യൻ പര്യടനം പൂർത്തിയാകും. മാർച്ച് 27 ന് ജോർദാനിൽ നടക്കുന്ന അറബ് ഉച്ച കോടിയിൽ പങ്കെടുത്ത് രാജാവ് സൗദിയിൽ തിരിച്ചെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ