അല്‍ഖര്‍ജ്: തൊഴിലുടമ കാരണം ദുരിതത്തില്‍ അകപ്പെട്ട ഹൗസ് ഡ്രൈവര്‍ക്ക് കേളി ഇടപെടല്‍മൂലം നാട്ടിലേക്ക് മടങ്ങാനായി. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി സലാഹുദ്ദിനാണ് കേളിയുടെ സഹായം കൊണ്ട് ദുരിതത്തില്‍ നിന്നു രക്ഷപെട്ട് നാട്ടിലേക്ക് തിരിച്ചുപോകാനായത്.

ഒരു വര്‍ഷം മുന്‍പാണ് സലാഹുദ്ദീന്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയത്. കഫീലിന്‍റെ വീട്ടിലേക്ക് ഡ്രൈവർ ജോലിക്ക് വന്നതാണെങ്കിലും വീട്ടില്‍ ജോലി ഇല്ലെന്ന കാരണം പറഞ്ഞ് ഒരു പഴയ കാര്‍ വാങ്ങി കൊടുത്ത് ടാക്സിയായി ഓടിക്കാനും ആയിരം റിയാല്‍ വീതം പ്രതിമാസം കൊടുക്കാനുമാണ് കഫീല്‍ ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം ‘ഹുറൂബ്’ ആക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗള്‍ഫ് സ്വപ്നങ്ങളുമായി ജോലിക്കായി സൗദിയിലെത്തിയ സലാഹുദ്ദീന് നിവര്‍ത്തിയില്ലാതെ ഒന്നു രണ്ട് മാസം ടാക്സി ഓടിക്കുന്ന ജോലി നിയമവിരുദ്ധമായി ചെയ്യേണ്ടിവന്നു. എന്നാല്‍ പലരുടെയും കയ്യില്‍ നിന്ന് കടം വാങ്ങിയാണ് കഫീലിനുള്ള ആയിരം റിയാല്‍ പോലും നല്‍കാന്‍ കഴിഞ്ഞത്.

സൗദിയിലെ നിലവിലെ നിയമങ്ങള്‍ പ്രകാരം ഇത്തരത്തില്‍ ടാക്സി ഓടിക്കുന്നത് നിയമ ലംഘനമാണെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും മനസ്സിലാക്കിയതിനെ തുടര്‍ന്ന് സലാഹുദ്ദീന്‍ കേളിയെ സമീപിച്ച് തന്‍റെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു. കേളി ജീവകാരുണ്യവിഭാഗം പ്രവര്‍ത്തകരായ നാസര്‍ പൊന്നാനി അബ്ദുള്‍കരീം എന്നിവരുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും കഫീലുമായി ബന്ധപ്പെടുകയും തനിക്ക് നിയമവിരുദ്ധമായി ടാക്സി ഓടിക്കാന്‍ കഴിയില്ലെന്നും, വീട്ടില്‍ ജോലിചെയ്യാമെന്നും ശമ്പളം തന്നാല്‍ മതിയെന്നും അറിയിച്ചു. എന്നാല്‍ കഫീല്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല ടാക്സി ഓടിക്കണമെന്നും ആയിരം റിയാല്‍ വീതം പ്രതിമാസം നല്‍കണമെന്നും അല്ലാത്തപക്ഷം ‘ഹുറൂബ്” ആക്കുമെന്നുള്ള ഭീഷണി ആവര്‍ത്തിക്കുകയാണുണ്ടായത്.

ഈ അവസ്ഥയില്‍ കേളി അല്‍ഖര്‍ജ് ഏരിയ പ്രസിഡന്‍റ് ഗോപാലന്‍, സെക്രട്ടറി ജയറാം രാജീവന്‍ എന്നിവരുടെ നിർദേശപ്രകാരം സലാഹുദ്ദീന്‍ ലേബര്‍ കോടതിയില്‍ പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് കഫീലിനെയും സലാഹുദീനെയും കോടതി വിളിപ്പിക്കുകയും സലാഹുദ്ദീനെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഫൈനല്‍ എക്സിറ്റ് നല്‍കാന്‍ കഫീല്‍ സമ്മതിച്ചെങ്കിലും ടിക്കറ്റുപോലും നല്‍കാന്‍ തയാറായിരുന്നില്ല. കേളി അല്‍ഖര്‍ജ് ഏരിയയിലെ സിറ്റി യുണിറ്റിന്‍റെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ ടിക്കറ്റിനുള്ള പണം കണ്ടെത്തിയാണ് സലാഹുദ്ദീനെ നാട്ടിലേക്ക് തിരിച്ചയച്ചത്. ഗള്‍ഫ് സ്വപ്നം പൊലിഞ്ഞെങ്കിലും, ശമ്പളമൊന്നും ലഭിക്കാതെ ഒരു വര്‍ഷത്തോളം അനുഭവിച്ച ദുരിതത്തിനൊടുവില്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയുന്നല്ലോ എന്ന ആശ്വാസത്തില്‍, സഹായിച്ച കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിപറഞ്ഞ് കഴിഞ്ഞ ദിവസം സലാഹുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ