റിയാദ്: രണ്ട് മാസം മുന്‍പ് റിയാദില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെ അല്‍ഗുഹയ്യയില്‍ തീപ്പൊള്ളലേറ്റ് മരിച്ച സബീഷിന്റെ മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മലപ്പുറം താനൂര്‍ ഓഴുര്‍ സ്വദേശി സബീഷ് പാറപ്പറമ്പില്‍ അല്‍ഗുഹയ്യയില്‍ ഒരു മസ്‌റയിലാണ് ജോലി ചെയ്തിരുന്നത്. മസ്‌റയില്‍ ഗ്യാസ് ചോര്‍ന്നതിനെതുടര്‍ന്ന് തീ പടര്‍ന്നാണ് സബീഷിന് പൊള്ളലേറ്റത്. പൊള്ളലേറ്റ സബീഷിനെ കിങ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 15 ദിവസത്തെ ചികിത്സക്കൊടുവില്‍ മരണം സംഭവിക്കുകയായിരുന്നു.

കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോ: കണ്‍വീനര്‍ കിഷോര്‍-ഇ-നിസാം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, പ്രിയേഷ്‌കുമാര്‍, ബഷീര്‍ കോഴിക്കോട്, ഇസ്മായില്‍ തടായില്‍, അല്‍ഗുഹയ്യയിലെ സാമൂഹ്യ പ്രവര്‍ത്തകരായ മുനീര്‍ താനൂര്‍, അലി തൊടുപുഴ എന്നിവരുടെ നിരന്തരമായ പരിശ്രമവും താനൂര്‍ എംഎല്‍എ അബ്ദുറഹ്മാന്റെ ഇടപെടലുകളെയും തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ത്യന്‍ എംബസ്സിയാണ് മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന്റെ ചെലവുകള്‍ വഹിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ