റിയാദ്: സൗദി തലസ്ഥാനനഗരിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലേക്ക് വായനാപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം. കഴിഞ്ഞ വാരാന്ത്യം മുതല്‍ വലിയ തിരക്കിനാണ് മേള സാക്ഷ്യം വഹിച്ചത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ എല്ലാ സ്റ്റാളുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വദേശികളും വിദേശികളുമുൾപ്പടെയുള്ള വായനപ്രേമികൾക്ക് പുസ്തകമേള അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി മാറിയിരിക്കുകയാണ്.

സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം കുടുംബസമേതമാണ് സ്വദേശികള്‍ പുസ്തകമേളക്കെത്തുന്നത്. ഇഷ്ടപുസ്തകങ്ങള്‍തേടിയെത്തിയവരും, പുസ്തകോല്‍സവം വെറുതെ കാണാൻ വന്നവരുമെല്ലാം ഈ കൂട്ടത്തിലുണ്ട്. വിവിധ സൗദി പ്രവിശ്യകളിലെ സ്‌കൂളിൽ നിന്നും സർവകലാശാലകളിൽ നിന്നും പഠിതാക്കളും അധ്യാപകരും സന്ദര്‍ശകരായി എത്തുന്നുണ്ട്. സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് എല്ലാ ദിവസവും പ്രദര്‍ശന കേന്ദ്രം സജീവവും ശ്രദ്ധേയവുമാണ്.
book fest

പുസ്തകോല്‍സവത്തിന്‍റെ ആസ്വാദനതലം വര്‍ധിപ്പിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരുടെ സാഹിത്യസംവാദങ്ങൾ വിവിധ സമയങ്ങളിലായി നടക്കുന്നുണ്ട്. സൗദി അറേബ്യയുടെ സാംസ്കാരിക കലണ്ടറിലെ പ്രധാന സംഭവങ്ങളിലൊന്നായി പുസ്തകോല്‍സവം ഇതിനകം മാറിക്കഴിഞ്ഞു. ദേശീയ അന്തർദേശീയ പ്രസാധകരെ അണിനിരത്തി സൗദി സാംസ്കാരിക ഇൻഫോർമേഷൻ മന്ത്രാലയമാണ് സംഘാടകര്‍. ഇത്തവണത്തെ അതിഥി രാജ്യമായ മലേഷ്യയുടെ സാംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക പവലിയൻ മേളയിൽ ഒരുക്കിയിട്ടുണ്ട്.

വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വാരാന്ത്യങ്ങളിൽ പലപ്പോഴും വാഹനങ്ങളുടെ ബാഹുല്യം മൂലം പാർക്കിങ്ങിന് വലിയ പ്രയാസം അനുഭവപ്പെടുന്നുണ്ടെന്ന്‍ സന്ദര്‍ശകര്‍ പറഞ്ഞു. റിയാദ് എക്സിറ്റ് പത്തിലെ അന്താരാഷ്ട്ര പ്രദർശന കേന്ദ്രത്തിലാണ് പുസ്തകോല്‍സവം നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ 10 വരെയാണ് സന്ദർശന സമയം. വിദ്യാർത്ഥികൾക്ക് രാവിലെ പത്ത് മുതൽ ഉച്ചക്ക് പന്ത്രണ്ട് മണിവരെയാണ് സന്ദർശന സമയം അനുവദിച്ചിരിക്കുന്നത്. മാർച്ച് ഒൻപതിന് ആരംഭിച്ച മേള ഈ മാസം പതിനെട്ടിന് അവസാനിക്കും.

വാർത്ത: നൗഫല്‍ പാലക്കാടന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook