ദുബായ്: കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് നിർത്തിവച്ച നാല് ഇന്റർസിറ്റി ബസ് സർവീസുകൾ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുനരാരംഭിച്ചു. മെയ് 19 മുതലാണ് സർവീസുകൾ പുനസ്ഥാപിച്ചത്. ദുബായിൽ നിന്നുള്ള സർവീസുകളാണ് ഇവ.
“അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള ഇ100, അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അൽ ഐനിലേക്കുള്ള ഇ201, ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ മുവൈലെയിലേക്കുള്ള ഇ315, ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇ700 സർവീസുകളാണ് പുനരാരംഭിക്കുന്നത്” എന്ന് ആർടിഎയിലെ പൊതുഗതാഗത ഏജൻസിയുടെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അഡെൽ ഷാക്കേരി അറിയിച്ചു.
“2022 മെയ് 19 ന്, എമിറേറ്റിന്റെ ബഹുജന ഗതാഗത ശൃംഖലയും നഗര ആസൂത്രണവും തമ്മിലുള്ള സംയോജനം വർദ്ധിപ്പിക്കുന്നതിനായി ആർടിഎ ഒരു പുതിയ ബസ് റൂട്ടും ആരംഭിക്കും.”
“എ38 എന്ന് പേരിട്ടിരിക്കുന്ന പുതിയ മെട്രോ ലിങ്ക് സർവീസ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുകയും നിരവധി ജില്ലകളിലൂടെ ദുബൈ സ്‌പോർട്‌സ് സിറ്റിയിലെത്തുകയും ചെയ്യുന്നു,” ഷാക്കേരി കൂട്ടിച്ചേർത്തു.
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനും ദുബായ് സ്‌പോർട്‌സ് സിറ്റിക്കും ഇടയിലുള്ള ദുബായ് പ്രൊഡക്ഷൻ സിറ്റി വഴിയുള്ള റൂട്ട് എഫ്38 രാവിലെ 06:00 ന് ആരംഭിച്ച് 20 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തി അർദ്ധരാത്രി കഴിഞ്ഞ് 12:30 ന് അവസാനിക്കും.