റിയാദ്: സൗദി അറേബ്യയുടെ ചരിത്രം രേഖപ്പെടുത്തുന്ന വസ്തുക്കളുടെ പ്രദർശനവുമായി ‘റോഡ്​സ്​ ഓഫ്​ അറേബ്യ’ റിയാദിലെത്തി. 50 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം നിരവധി അത്ഭുത കാഴ്ചകളാണ് സമ്മാനിക്കുന്നത്. ​സൗദി അറേബ്യയുടെ സമൃദ്ധമായ ചരിത്രത്തി​​ന്റെ പ്രതീകങ്ങൾ നേരിട്ട്​ കാണാനാണ് തലസ്ഥാനവാസികൾക്ക്​ അവസരം ഒരുങ്ങിയിരിക്കുന്നത്. ജൈവ കുലത്തിന്റെയും 4,000 വർഷം പ്രായമുള്ള മനുഷ്യ ജീവിതത്തിന്റെയും ആറ് ലക്ഷം വർഷം പഴക്കം വരുന്ന പ്രകൃതിയുടെയും ശേഷിപ്പുകളുമായാണ് ലോകം ചുറ്റുന്ന ‘റോഡ്​സ്​ ഓഫ്​ അറേബ്യ റിയാദിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. റിയാദിൽ ഇത്‌ പന്ത്രണ്ടാമത്തെ പ്രദർശന നാഗരിയാണ്. ഏഴ് വർഷം കൊണ്ട് പതിനൊന്ന് രാജ്യങ്ങൾ ചുറ്റിയാണ് ഇപ്പോൾ റിയാദിലെത്തിയിരിക്കുന്നത്.

പ്രഥമ സൗദി പുരാവസ്​തു സമ്മേളന നാഗരിയിലെ പ്രധാന പ്രദർശനം കൂടിയാണ് ‘റോഡ്സ് ഓഫ് അറേബ്യ’. സമ്മേളനത്തിന്റെ ഭാഗമായാണ് റിയാദിലെത്തിയത്. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നുള്ള പുരാവസ്തു ഗവേഷകരാണ് പ്രദർശനം കാണാൻ റിയാദിൽ എത്തിയിട്ടുള്ളത്. ജീവിവർഗങ്ങളുടെയും പൈതൃകം തേടുന്നവർക്ക് ​ മുല്യവത്താണ്​ പ്രദർശനം. സൗദി കമീഷൻ ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജാണ്​​ (എസ്​സിടിഎച്ച്​) സംഘാടകർ. വെള്ളിയാഴ്ച ഉൾപ്പടെ എല്ലാ ദിവസവും പ്രദർശനമുണ്ടാകും. റോഡ്സ് ഓഫ് അറേബ്യ പ്രദർശനം അവസാനിക്കുന്നത് വരെ പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.

പ്രദർശനം കാണാൻ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നും ചരിത്ര വിദ്യാർഥികളുടെ ഒഴുക്കാണ്. കൗതുകവും വിജ്ഞാനവും സമ്മാനിക്കുന്ന കാഴ്ച കാണിക്കാൻ സ്‌കൂളുകളും കോളേജുകളും പ്രത്യേക വിജ്ഞാന യാത്രകൾ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശന നഗരിയിലെത്തുന്നവർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് ഈ രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന ഗവേഷകരും വിദ്യാർഥികളും സജീവമാണ്. ലോക പ്രശസ്​തമായ പാരീസിലെ ലൂവ്​റ്​ മ്യൂസിയത്തിൽ നിന്നാണ്​ 2010 ൽ പ്രദർശനം തുടങ്ങിയത്​. പിന്നീട് അമേരിക്കയും യൂറോപ്പും റഷ്യയും ചുറ്റി ദക്ഷിണ കൊറിയൻ തലസ്​ഥാനമായ സോളിലെ നാഷനൽ മ്യൂസിയത്തിലാണ്​ ‘റോഡ്​സ്​ ഓഫ്​ അറേബ്യ’ അവസാനമായി പ്രദർശിപ്പിച്ചത്. ഏഴുവർഷം കൊണ്ട്​ മൊത്തം 11 ഇടങ്ങളിലാണ്​ ‘റോഡ്​സ്​ ഓഫ്​ അറേബ്യ’ പര്യടനം നടത്തിയത്​. റിയാദ് നഗരമധ്യത്തിലെ സൗദി നാഷണൽ മ്യൂസിയത്തിലാണ് പ്രദർശനം നടക്കുന്നത്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ