റിയാദ്: സൗദി അറേബ്യയിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക, വിനോദ നഗരത്തിന്റെ ലോഗോ പുറത്തിറക്കി. ഖിദ്ദിയ എന്ന് പേരിട്ട പദ്ധതിയുടെ നിർമാണം അടുത്ത വർഷം ആരംഭിക്കും. 2022 ൽ പ്രവർത്തന സജ്ജമാകും. പദ്ധതി സ്ഥാപിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും സവിശേഷതകളും പ്രതിഫലിക്കുന്ന രീതിയിലുള്ള ഡിസൈനിലാണ് ലോഗോ പുറത്തിറക്കിയത്. സൗദി അറേബ്യയുടെ സാമൂഹ്യ പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായ പ്രധാന പദ്ധതികളിലൊന്നാണ് “ഖിദ്ദിയ”.

അമ്യുസ്മെന്റ് പാർക്കുകൾ, സ്പോർട്സ് ട്രാക്കുകൾ, കാർ, ബൈക് റേസിങ് ഏരിയ സ്നോ, വാട്ടർ പാർക്കുകൾ, തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന വിനോദ റൈഡുകൾ. ആധുനിക നിലവാരത്തിലുള്ള വിനോദ പരിപാടികൾ സമ്മാനിക്കുന്നതിനൊപ്പം തൊഴിലവസരം സൃഷ്‌ടിക്കലും സാമ്പത്തിക മേഖലയുടെ വൈവിധ്യ വത്കരിക്കരണവും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. പുതിയ പദ്ധതികളുടെ പണി പൂർത്തിയാകുന്നതോടെ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറും.

എഴുപതിലധികം രാജ്യങ്ങളിൽ നിന്നായി 2500 പ്രതിനിധികൾ പങ്കെടുക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സംഗമം റിയാദിൽ പുരോഗമിക്കുകയാണ്. സംഗമത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സൗദിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ ചെങ്കടലിനോട് ചേർന്ന് അര ലക്ഷം കോടി ഡോളർ മുടക്കിയുള്ള “നിയോം” പദ്ധതി പ്രഖ്യാപിച്ചത് വാണിജ്യ രംഗത്ത് വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. വനിതകൾക്ക് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം ഉൾപ്പടെ ഒട്ടനവധി ചരിത്രപരമായ തീരുമാനത്തിനാണ് പുതു വർഷം സൗദി അറേബ്യ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ