റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരി സ്മാർട്ടാകാൻ ഒരുങ്ങുന്നു. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നഗര വികസനത്തിന്റെ ഭാഗമായി പുരോഗമിച്ചു വരുന്ന റിയാദ് മെട്രോയുടെ പണി പകുതിയിലേറെ പൂർത്തിയായതായും ഗവർണർ അറിയിച്ചു.

തലസ്ഥാന നഗരിയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ലോകത്തിലെ മികച്ച നൂറ് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന തരത്തിലേക്ക് റിയാദിനെ ഉയർത്തുകയാണ് ലക്ഷ്യം. നിക്ഷേപകരെ ആകർഷിക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും ഇത് വഴി സാധിക്കും.

രാജ്യത്തിന്റെ ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയിൽ വിവിധ പരിപാടികൾ നടപ്പാക്കും. ആരോഗ്യം, ട്രാഫിക്, വിനോദ കേന്ദ്രങ്ങൾ, ടെലി കമ്മ്യൂണിക്കേഷൻ, ജലം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ഇതോടെ രാജ്യത്ത് നിരവധി തൊഴിലവസരങ്ങളുണ്ടാകുമെന്നും ഗവർണർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook