റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമത്സരം റിയാദിൽ മാർച്ച് 17 മുതൽ ഏപ്രിൽ 15 വരെ നടക്കും. അബ്ദുൽ അസീസ് രാജാവിന്റെ സമരണാർത്ഥം സംഘടിപ്പിക്കാറുള്ള ഒട്ടക സൗന്ദര്യമത്സരത്തിന് ഇത്തവണ പ്രത്യേകതകൾ ഏറെയാണ്. മത്സരാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. രണ്ടായിരത്തിന് താഴെ ഒട്ടകങ്ങളായിരുന്നു കഴിഞ്ഞ തവണ പങ്കെടുത്തതെങ്കിൽ ഇത്തവണ അത് മുപ്പത്തിനായിരമായി ഉയർത്തി വിപുലമാക്കിയിട്ടുണ്ട്. ഇതിൽ ഇരുപത് ശതമാനത്തോളം യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. രണ്ട് ദശലക്ഷത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്ന ഉത്സവം ലോകത്തിലെ ഏറ്റവും വലിയ പൈതൃകോത്സവമാണെന്ന് സംഘാടകർ അവകാശപ്പെട്ടു.
ഗോത്രസംസ്കൃതിയുടെ ഭാഗമായ ഈ പൈതൃകോത്സവം തെക്കൻ സൗദിയിലെ ഖഹ്താനി ഗോത്രങ്ങൾക്കിടയിൽ പുരാതനകാലം മുതലേ ആഘോഷിച്ചിരുന്നു. അൽ വദ എന്ന പേരുള്ള വെള്ള നിറമുള്ള ഒട്ടകത്തിൽ നിന്ന് തുടങ്ങി അൽ ഷോൾ മഞ്ഞ ഒട്ടകം, അൽ സഫർ സ്വർണ്ണ ഒട്ടകം, അൽ മാജത്തിന് ഇരുണ്ട ഒട്ടകം, അൽ ഹോമർ ഇളം ചുവപ്പുള്ള ഒട്ടകങ്ങൾ, തവിട്ട് നിറമുള്ള ഒട്ടകം എന്നീ ഇനത്തിൽ വരുന്ന ഒട്ടകങ്ങളാണ് മത്സരത്തിൽ പ്രധാനമായും പങ്കെടുക്കുക. വളർത്ത് രീതി, നിറം, തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, മുതുക്, കണ്ണുകളുടെ വലിപ്പം, പുരികം, ചെവിയുടെ സൗന്ദര്യം എന്നിവയാണ് വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡം.
മത്സരത്തിനെത്തുന്ന ഒട്ടകങ്ങളിൽ മുക്കാൽ ഭാഗവും മുമ്പ് പങ്കെടുക്കാത്തവയാണ്. ഇത്തവണ റിയാദിൽ നിന്നാണ് കൂടുതൽ ഒട്ടകങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നത്. മേളയുടെ ഭാഗമായി ഒട്ടകങ്ങളുടെ ലേലവും പരേഡും നടക്കും. ഒട്ടകങ്ങളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയും കുറിച്ചുള്ള ബോധവൽകരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പരമ്പരാഗത നൃത്തം, കവിത ചൊല്ലൽ മത്സരം, നാടൻ പാട്ട് മത്സരങ്ങൾ തുടങ്ങി ഒട്ടനവധി കലാ പരിപാടികൾക്കും മേള വേദിയാകും.
വാർത്ത: നൗഫൽ പാലക്കാടൻ