റിയാദ്: “ഹാദിയ: വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകൾ” എന്ന വിഷയത്തെ ആസ്പദമാക്കി ജനാധിപത്യമതേതര വേദി, റിയാദ് സെമിനാർ നടത്തി. ചടങ്ങ് തിരുവനന്തപുരം സിഡിഎസ്സിലെ പ്രൊഫസറും വിമൺസ് ആക്ടിവിസ്റ്റുമായ ഡോ ജെ ദേവിക ടെലിഫോണിലൂടെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.

വ്യവസ്ഥാപിത മലയാളി സമൂഹത്തിന്റെ സാംസ്കാരിക വീഴ്ചകളാണ് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ കഴിയാത്തവിധം പ്രായപൂർത്തിയായിട്ടും കുട്ടികളായിരിക്കുന്ന യുവതീയുവാക്കളെ സൃഷ്ടിക്കുന്നതെന്നും ഹാദിയ അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും ഡോ.ദേവിക പറഞ്ഞു. മതപരിവർത്തന പ്രവർത്തനങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളാണ്. ഇസ്‌ലാമിക സംഘടനകൾ മാത്രമല്ല ഹിന്ദു സംഘടനകളും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കേരളത്തിന്റെ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ ശക്തരാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ചെയ്യുന്നതുപോലെ ഇവിടെ അവരെ ചവിട്ടിമെതിക്കാൻ കഴിയാത്തതിലുള്ള അമർഷമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ തുടങ്ങാൻ ഹിന്ദുത്വവാദികളെ പ്രേരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. രാഷ്ട്രീയമെന്ന പേരിൽ ഇന്ന് കേരളത്തിൽ അരങ്ങേറുന്നത് പുരുഷമാടമ്പിമാരുടെ ഏറ്റുമുട്ടലുകൾ മാത്രമാണെന്നും ഇതിനിടയിൽ ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റി സുപ്രീം കോടതി നടത്തിയ പ്രസക്തവും പ്രധാനപ്പെട്ടതുമായ നിരീക്ഷണങ്ങൾ വിസ്മരിക്കപ്പെടുകയാണെന്നും ഡോ.ദേവിക പരാതിപ്പെട്ടു.

മതപരമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് പൊതുബോധത്തിൽ നിലനിൽക്കുന്ന സാങ്കല്പികവും കെട്ടുകഥാസമാനവുമായ ആരോപണങ്ങളുടെ സ്വാധീനം നമ്മുടെ നിയമ വ്യവഹാര മണ്ഡലങ്ങളെപ്പോലും സ്വാധീനിക്കുന്നത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ഹാദിയയും ഷെഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ, തികഞ്ഞ ഭരണഘടനാവിരുദ്ധമായ, വിധിപ്രസ്താവത്തിലൂടെ ഹൈക്കോടതി നടത്തിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജയചന്ദ്രൻ നെരുവമ്പ്രം പറഞ്ഞു. ലവ് ജിഹാദും, നിർബന്ധിത മതപരിവർത്തനവും ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നുവെന്നുള്ള പ്രചാരണങ്ങളും സംഘപരിവാർ ശക്തികൾ കെട്ടഴിച്ചുവിടുന്ന ഇസ്‌ലാമോഫോബിയയുടെ സൃഷ്ടിയാണെന്നും ജയചന്ദ്രൻ പറഞ്ഞു.

മതപഠനത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഹിന്ദുകൾക്ക് അയഞ്ഞ സമീപനമാണുള്ളതെന്നും ഈശ്വരസങ്കല്പത്തെക്കുറിച്ചും സ്വധർമ്മത്തെക്കുറിച്ചുമൊക്കെയുള്ള തികഞ്ഞ അജ്ഞതയാണ് അഖിലയെ ഹാദിയയാക്കിയതിന്റെ പ്രധാന കാരണങ്ങളെന്നും കേരളത്തിലെ ഹിന്ദു സംഘടനകൾ ഇക്കാര്യം ഗൗരവതരമായി കാണണമെന്നും ബിജെപിയുടെ ഓവർസീസ് സംഘടനയായ സമന്വയയുടെ പ്രതിനിധി ദീപക് പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന തരത്തിൽ മതവും രാഷ്ട്രീയവും സാമൂഹിക വ്യവഹാരങ്ങളും തീരുമാനിക്കാൻ ഒരു വ്യക്തിക്ക് പൂർണ്ണമായ അധികാരവും അവകാശവും നൽകേണ്ടതുണ്ടെന്നും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒരു കുടുംബത്തിൽ തന്നെ കഴിയാനുള്ള സാമൂഹ്യസാഹചര്യം ഒരുക്കുന്ന അതിരുകളില്ലാത്ത മാനവികതയെന്ന സ്വപ്നമാണ് തങ്ങൾ കാണുന്നതെന്നും യൂത്ത് ഇന്ത്യയുടെ പ്രതിനിധി ഫിറോസ് പുതുക്കോട് പറഞ്ഞു.

സ്ത്രീയുടെ അവകാശങ്ങൾ പുരുഷൻ നിർണ്ണയിക്കുന്ന അവസ്ഥയിൽ നിന്നും മാറി സ്ത്രീ സ്വതന്ത്രയായി തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലേക്ക് മാറുകയും അതിന് സമൂഹത്തിന്റെയും നീതിന്യായ സ്ഥാപനങ്ങളുടെയും അംഗീകാരം കിട്ടിത്തുടങ്ങിയതുമാണ് ഹാദിയ വിഷയത്തിലുണ്ടായ ഗുണപരമായ മാറ്റമെന്ന് കേളി സാംസ്കാരികവേദി പ്രതിനിധി സുബ്രമണ്യൻ പറഞ്ഞു.

ഒരു ജനാധിപത്യരാജ്യത്ത് സംഭവിക്കാൻ പാടില്ലാത്ത മനുഷ്യാവകാശധ്വംസനത്തിനെതിരെ ജനാധിപത്യപരമായ പ്രതിഷേധമെന്ന നിലയിൽ എസ്ഡിപിഐ നടത്തിയ ഹൈക്കോടതി മാർച്ചിനെ തീവ്രവാദപരമായ പ്രവർത്തനമായി വ്യാഖ്യാനിക്കുന്നത് അപലപനീയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി കബീർ കിളിമംഗലം പറഞ്ഞു.

മതേതരജനാധിപത്യവാദികൾ മതവാദികളാകാൻ പാടില്ലെന്നും രാജ്യത്തെ ഭരണഘടനയെപ്പറ്റി അവബോധമുള്ളവരും ശാസ്ത്രചിന്തകളുള്ളവരും ആയിരിക്കണമെന്നും എങ്കിൽ മാത്രമേ ഹാദിയകൾ ആവർത്തിക്കാതിരിക്കുകയുള്ളുവെന്നും വിജയകുമാർ (റിഫ) പറഞ്ഞു.

അഡ്വ. റജി, ഖമറുണിസ മുഹമ്മദ് (കെഎംസിസി), നബീൽ പയ്യോളി (ആർഐസിസി), ഷെരീഫ് കൂട്ടായി (ആവാസ്) ഖലീൽ പാലോട് (പ്രവാസി സാംസ്കാരികവേദി), ലത്തീഫ് ഓമശ്ശേരി (തനിമ), ഡൊമിനിക് സൈമൺ (RTI for NRIs), സൈനുൾ ആബിദ് (എംഇഎസ്), റഷീദ് ഖാസിമി (ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം), ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ), നിബു മുണ്ടിയപ്പിള്ളി (സെക്രട്ടറി, ജനാധിപത്യ മതേതര വേദി) എന്നിവരും സംസാരിച്ചു.

ഗോപാൽ മേനോൻ സംവിധാനം ചെയ്ത “ഐ ആം ഹാദിയ” എന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. ജനാധിപത്യ മതേതരവേദിയുടെ ചീഫ് കോ -ഓർഡിനേറ്റർ ഉബൈദ് എടവണ്ണ സ്വാഗതവും ജോ. സെക്രട്ടറി ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook