റിയാദ്: ബത്ഹയിലെ പലചരക്ക് കടയില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്‌ഡിൽ 26,640 സൗദി റിയാലിന്റെ കുഴൽപ്പണം പിടികൂടി. അനധികൃതമായി കൈവശം വെച്ച സിം കാർഡുകൾ, വിദേശ ചെക്ക് ബുക്കുകൾ, പണമിടപാട് രേഖകൾ എന്നിവയും പിടിച്ചെടുത്തു. റൈഡിനെ തുടര്‍ന്ന് രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തതു.

നിലവിൽ ബാങ്കുകളും മറ്റു പണമിടപാട് സ്ഥാപനങ്ങളും നൽകുന്ന വിനിമയ നിരക്കിനേക്കാൾ കുറച്ച് ആകർഷകമായ നിരക്ക് നൽകി ഇടപാടുകാരെ പ്രലോഭിപ്പിച്ച് നിയമ വിരുദ്ധമായി സ്വദേശത്തേക്ക് പണമയക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് വക്താവ് ഫവാസ് അൽ മയ്മാൻ മാധ്യമങ്ങളെ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വെല്ലുവിളിച്ച് നടത്തുന്ന കുഴൽപ്പണ ഇടപാടുകാർ അധികൃതരുടെ നിരീക്ഷണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ