റിയാദ്: റിയാദിലെ സംഘടനകളുടെ പൊതു വേദിയായ റിയാദ് എൻആർകെ ഫോറത്തിന്റെ ചെയർമാനായി അഷ്‌റഫ് വടക്കേവിള ചുമതലയേറ്റു. 2016 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ വർഷത്തെ ചെയർമാൻഷിപ്പ് മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസിക്കും രണ്ടാം വർഷത്തിൽ കോൺഗ്രസ് പോഷക സംഘടനായായ ഒഐസിസിക്കും നൽകാൻ ധാരണയായിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ കെഎംസിസി പ്രതിനിധി വി.കെ.മുഹമ്മദ് ആദ്യ ഒരു വർഷ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഒഐസിസി പ്രതിനിധി അഷ്‌റഫ് വടക്കേവിള പുതിയ ചെയർമാനായി ചുമതലയേറ്റത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രചാരണ രംഗത്ത് സജീവമാകും
റിയാദ്: മലപ്പുറം ലോക്‌സഭ ഉപ തിരഞ്ഞടുപ്പിൽ യുഡിഎഫിന്റ സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് വേണ്ടി റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രചാരണ രംഗത്ത് സജീവമാകും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾക്ക് രൂപം നൽകി. റിയാദ് ഒഐസിസി മലപ്പുറം റിയാദ് കമ്മിറ്റിയുടെ ഭാരവാഹികളായ സകീർ ധനത്ത്, ഷാഫി കൊടിഞ്ഞി, സലാം തെന്നല, ഷാജി നിലമ്പൂർ തുടങ്ങിയവർ നാട്ടിലെത്തി.

ഒഐസിസിയുടെ പ്രചരണ പരിപാടികൾ ഏകോപിപ്പിക്കും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നഭ്യർഥിച്ചു കൊണ്ടുള്ള ഒഐസിസിയുടെ ഫ്ളക്സ് ബോർഡുകൾ, യുഡിഎഫ് സ്ഥാനാർഥിക്കു വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകൾ, വാഹന പ്രചാരണ ജാഥ തുടങ്ങിയവയാണ് രൂപം നൽകിയിരിക്കുന്നത്. നാട്ടിലുള്ള ഒഐസിസിയുടെയും, യുഡിഎഫിന്റെയും പ്രധാനപ്പെട്ട നേതാക്കന്മാർ ഒഐസിസിയുടെ വാഹന പ്രചാരണ ജാഥയിൽ സംസാരിക്കും.

റിയാദിൽ മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുമായി കൈകോർത്തുള്ള പ്രചാരണ പരിപാടികളെ കുറിച്ച് ആലോചിക്കും. മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ നിന്ന് റിയാദിലുള്ള കുടുംബ നാഥന്മാരെ ഫോണിൽ വിളിച്ച് അവരുടെ കുടുംബ വോട്ടുകൾ ഐക്യ ജനാധിപത്യ മുന്നണിക്ക് ഉറപ്പ് വരുത്തുന്നതിനുള്ള ടെലി ക്യാംപയിനും ആരംഭിക്കുമെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ