റിയാദ്: സൗദി തലസ്ഥാന നഗരിയിലൂടെ ചൂളം വിളിച്ചോടുന്ന മെട്രോ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. ട്രെയിൻ ഓടി തുടങ്ങുന്നതോടെ നഗരത്തിന്റെ മുഖച്ഛായയും ഗതാഗത സംസ്കാരത്തിലും ചെറുതല്ലാത്ത മാറ്റമുണ്ടാകും. 176 കിലോമീറ്റർ ദൈർഘ്യത്തിൽ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളുമായാണ് ഈ ബൃഹദ് പദ്ധതി നഗരത്തിലെത്തുക.
നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പർപ്പിൾ എന്നീ നിറങ്ങളിലാണ് ട്രാക്കുകൾ ഒരുക്കിയിട്ടുള്ളത്. ഒലയ-ബത്ഹ റൂട്ടിലോടുന്ന ട്രെയിൻ ലൈനിന് നിറം നീലയാണ്. കിങ് അബ്ദുള്ള റൂട്ടിന് ചുവപ്പും, പ്രിൻസ് സഅദ് ബിൻ അബ്ദുറഹ്‌മാൻ വഴിയുള്ള ലൈനിന് ഓറഞ്ചും, റിയാദ് രാജ്യാന്തര വിമാനത്താവളം ലൈനിന് മഞ്ഞയും, കിങ് അബ്ദുൽ അസീസ് ലൈനിലിന് പച്ചയും, കിങ് അബ്ദുള്ള ഫൈനാൻഷ്യൽ സിറ്റിയും ഇമാം മുഹമ്മദ് ബിൻ സഊദ് യൂണിവേഴ്‌സിറ്റിയും ഉൾപ്പെടുന്ന ട്രാക്കിന് പർപ്പിൾ നിറവുമാണ് നൽകിയിട്ടുള്ളത്. 75 ശതമാനം പണിപൂർത്തിയായെന്നും ഗതാഗതം വൈകാതെ ആരംഭിക്കുമെന്നും റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അറിയിച്ചു.
ട്രെയിനിനോടൊപ്പം മെട്രോ ബസുകളും നിരത്തിലിറങ്ങും. 22 ട്രാക്കും ആറായിരം ബസ് സ്റ്റേഷനുകളും അത്യാധുനിക രീതിയിലുള്ള വെയ്റ്റിങ് സ്റ്റേഷനുകളും ബസ് സർവീസിന്റെ ഭാഗമായുണ്ടാകും. ട്രെയിനും ബസും നിരത്തിലിറങ്ങുന്നതോടെ വലിയ രീതിയുള്ള ഗതാഗത കുരുക്കിനും യാത്ര ചെലവിനുമാണ് പരിഹാരമാകുക. താമസ സ്ഥലത്ത് നിന്നും പത്ത് കിലേമീറ്റർ അകലെയുള്ള ജോലി സ്ഥലത്തെത്താൻ തിരക്കുള്ള സമയത്ത് ഒരു മണിക്കൂറോളം ചെലവിടേണ്ടി വരുന്നുണ്ട്. ചൂട് കാലത്ത് 50 ഡിഗ്രിക്ക് മുകളിൽ വരെ ചൂടുണ്ടാകുന്ന റിയാദിൽ വാഹനത്തിലിരുന്ന് ഉരുകിയൊലിച്ചു ഓഫീസിലെത്തുന്ന അവസ്ഥയ്ക്കും മെട്രോ വരുന്നതോടെ അറുതിയാകും.
വാർത്ത: നൗഫൽ പാലക്കാടൻ