റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനത്ത് പുരോഗമിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരഗതാഗത സംരംഭങ്ങളിലൊന്നായ റിയാദ് മെട്രോ 2019 ഓടെ ഓടിത്തുടങ്ങും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 30 ലക്ഷം ആളുകള്‍ക്ക് യാത്ര ചെയ്യാനാവുമെന്നും ഇത് റിയാദ് നഗരത്തിന്റെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും റിയാദ് വികസന അതോറിറ്റി ഉന്നതാധികാര സമിതി പോളണ്ടിലെ ക്രാകോവില്‍ ആല്‍റ്റംസ് നിർമ്മാണ കമ്പനി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിയാദ് മെട്രോയുടെ 48 ശതമാനം പണികള്‍ പൂര്‍ത്തിയായതായും 2019 ന്റെ തുടക്കത്തില്‍ തന്നെ മെട്രോ ട്രെയിൻ ഓടിത്തുടങ്ങുമെന്നും അര്‍റിയാദ് വികസന അതോറിറ്റി (എഡിഎ) വാസ്തുശില്‍പ പദ്ധതി-പൊതുജനസമ്പര്‍ക്ക വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ ഹസനി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തുരങ്ക മെട്രോ പദ്ധതിയാണിത്. 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ പോകുന്ന ആറ് വരി പാതകളുടേയും 85 സ്‌റ്റേഷനുകളുടെയും നിര്‍മാണത്തിന് 23 ബില്യണ്‍ ഡോളറാണ് ചിലവ് കണക്കാക്കുന്നത്. തുരങ്കപാതയില്‍ സിഗ്‌നല്‍, വൈദ്യുതീകരണം, പാളത്തിന്റെ നിര്‍മാണം, അറ്റകുറ്റപ്പണി തുടങ്ങിയ മുഴുവന്‍ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചുവരികയാണ്.റിയാദ് മെട്രോയിലേക്കുള്ള ആദ്യ ട്രെയിനുകൾ ജനുവരിയില്‍ എത്തിയിരുന്നു. ഈ മാസത്തോടെ കൂടുതല്‍ ട്രെയിനുകളെത്തും.

റിയാദിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ നഗരത്തില്‍ യാത്രചെയ്യാന്‍ കാറിന്റെ ആവശ്യമുണ്ടാവില്ലെന്ന് അല്‍ ഹസനി അഭിപ്രായപ്പെട്ടു. മെട്രോ പദ്ധതിയുടെ ഭാഗമായി 24 പാതകളില്‍ ബസ് സര്‍വീസും ആരംഭിക്കുന്നുണ്ട്. കിങ് അബ്ദുല്‍ അസീസ് റിയാദ് ഗതാഗത പദ്ധതിയുടെ ഭാഗമായാണ് പൊതുയാത്രാ സംവിധാനം വിപുലപ്പെടുത്തുന്നത്.ഇതോടെ റിയാദിലെ സ്വദേശികളും വിദേശികളുമായ താമസക്കാര്‍ താല്‍ക്കാലികമായി അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ