റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിന്റെ മുഖച്ഛായ മാറ്റുന്ന മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ജൂണില്‍ ആരംഭിക്കും. ഡിസംബറിലോ അടുത്ത വര്‍ഷം ജനവരിയിലോ മുഴുവന്‍ സര്‍വീസും ആരംഭിക്കും.
ആറ് ലൈനുകളുള്ള മെട്രോയുടെ മൂന്നു പാതകളിലാവും ജൂണില്‍ സര്‍വീസ് ആരംഭിക്കുക. ശേഷിക്കുന്ന മൂന്നു പാതകളിൽ ഡിസംബറിൽ അല്ലെങ്കില്‍ ജനുവരിയില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും. പദ്ധതിയുടെ 85 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പാതകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്റ്റേഷനുകളുടെ പുറം മോടി പൂര്‍ത്തിയാക്കലും വൈദ്യുതീകരണവുമാണ് ഇനി ബാക്കിയുള്ളത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിലൊന്നായ റിയാദ് മെട്രോയ്ക്കു 186 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 36 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്. വലിയ തുരങ്കത്തിലൂടെയാണു പാത കടന്നുപോകുന്നത്. വലിയ മൂന്നെണ്ണം ഉള്‍പ്പെടെ 80 സ്റ്റേഷനുകളാണു മെട്രോയിലുളളത്. വലിയ സ്‌റ്റേഷനുകളില്‍ രണ്ടെണ്ണം നഗരകേന്ദ്രമായ ബത്ഹയോട് ചേര്‍ന്നും മറ്റൊന്ന് ഉലയയിലുമാണ്.
Read Also: ജംബോ സര്‍വീസുമായി എയര്‍ ഇന്ത്യ കരിപ്പൂരിലേക്ക്; ആദ്യ വിമാനം ഇന്ന് ജിദ്ദയില്‍നിന്ന് പുറപ്പെടും
ട്രെയിനുകളിലേക്കു പരസ്പരം അതിവേഗം മാറിക്കയറാന്‍ കഴിയുംവിധമാണു പാതകളും സ്റ്റേഷനും സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു മുതല്‍ നാലു വരെ ബോഗികളുള്ളതാവും ട്രെയിനുകള്‍. 586 ബോഗികള്‍ റിയാദില്‍ എത്തിക്കഴിഞ്ഞു.
മെട്രോയ്‌ക്കൊപ്പം സ്റ്റേഷനുകളെയും നഗരത്തിന്റെ മുക്കുംമൂലകളെയും ബന്ധിപ്പിച്ചുകൊണ്ട് റാപ്പിഡ് ബസ് സര്‍വീസുമുണ്ട്. ആയിരത്തിലേറെ ബസുകളാണു പ്രത്യേക ട്രാക്കുകളില്‍ ഓടുക. ബസ് ഓട്ടം ഈ വര്‍ഷം ആരംഭിക്കും. അതോടെ റിയാദ് നഗരത്തില്‍ കുറ്റമറ്റ പൊതുഗതാഗത സംവിധാനം നിലവില്‍ വരും. കിങ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്നാണ് ഈ പദ്ധതിയുടെ പേര്.
ബസുകള്‍ക്കുവേണ്ടിയുള്ള ട്രാക്ക് നിര്‍മാണം നഗരത്തിലെ പ്രധാന റോഡുകളില്‍ പുരോഗമിക്കുകയാണ്. ബസ് ട്രാക്കുകളില്‍ മറ്റു വാഹനങ്ങള്‍ കടക്കരുതെന്നു നിര്‍ദേശിക്കുന്ന ട്രാഫിക് ഫലകങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബസ് വെയിറ്റിങ് സ്റ്റേഷനുകളുടെ നിര്‍മാണവും ഈ ട്രാക്കുകളില്‍ ഉടനീളം നടക്കുകയാണ്. ഇതിനിടെ ബസുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നുമുണ്ട്.