റിയാദ്: കെഎംസിസി റിയാദ് കേന്ദ്ര കമ്മറ്റി വോട്ടെടുപ്പിലൂടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സി.പി.മുസ്തഫ പ്രസിഡന്റും മൊയ്‌തീൻ കോയ കല്ലമ്പാറ ജനറൽ സെക്രറട്ടറിയും യൂ.പി.മുസ്തഫ ട്രഷററുമായാണ് പുതിയ കമ്മിറ്റി. നാളുകൾ നീണ്ടു നിന്ന രാപ്പകൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സൗദി ദേശീയ കമ്മറ്റിയുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

കേന്ദ്ര കമ്മറ്റി ജനറൽ ബോഡി യോഗം മാർച്ച് 10 ന് വെള്ളിയാഴ്ച (ഇന്നലെ) നടക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഗ്രൂപ്പ് തിരിഞ്ഞു ചർച്ചകൾ സജീവമായിരുന്നു. ദേശീയ കമ്മിറ്റി ഭാരവാഹികളുൾപ്പടെ ഇടപെട്ട് സമവായത്തിന് ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. അബ്ദുൾ റഷീദ് മണ്ണാർക്കാട് (ചെയർമാൻ) സി.പി.മുസ്തഫ (പ്രസിഡന്റ് ),മൊയ്‌തീൻ കോയ (ജനറൽ സെക്രട്ടറി), യു.പി.മുസ്തഫ (ട്രഷറർ), ജലീൽ തിരൂർ (ഓർഗനൈസിംഗ് സെക്രട്ടറി), എന്ന പാനൽ സി.പി.മുസ്തഫയുടെ നേതൃത്വത്തിലും, തേനുങ്ങൽ അഹമ്മദ് കുട്ടി (ചെയർമാൻ), അബ്ദുസ്സമദ് കൊടിഞ്ഞി (പ്രസിഡന്റ്) ഷുഹൈബ് പനങ്ങാങ്ങര (ജനറൽ സെക്രട്ടറി) നാസർ മാങ്കാവ് (ഓർഗനൈസിങ് സെക്രട്ടറി) എന്ന പാനൽ മുൻ പ്രസിഡന്റ് കുന്നുമ്മൽ കോയയുടെ നേതൃത്വത്തിലുമാണ് മത്സര രംഗത്തത്തെത്തിയത്.

പാനൽ ലഭിച്ചതിന് ശേഷവും ചർച്ചകൾ പുരോഗമിച്ചെങ്കിലും ഇരു വിഭാഗവും വിട്ടു വീഴ്ചക്ക് തയാറായില്ല. ഇതോടെ തിരഞ്ഞെടുപ്പിനൊരുങ്ങാൻ നാഷണൽ കമ്മറ്റി നിർദേശം നൽകി. ഇത് ജില്ലാ കമ്മറ്റികൾ മുഖേന വോട്ടർമാരെ അറിയിക്കുകയും തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി നാഷണൽ കമ്മറ്റി ഹാഷിം എഞ്ചിനീയർ, ബഷീർ മുന്നിയൂർ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ബത്ഹയിലെ ക്‌ളാസിക് ഹാളിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഫല പ്രഖ്യാപനമറിയാൻ ആകാംഷയോടെ ഹാളിന് പുറത്ത് വൻ ജനാവലി തടിച്ചു കൂടി. അഞ്ച് മണിയോടെ വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് ഏഴര മണിയോടെ പ്രഖ്യാപനം വന്നു. നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വെങ്ങാട്ട് ഉൾപ്പടെ മുതിർന്ന കെഎംസിസി നേതാക്കൾ ഫല പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.

മെമ്പർഷിപ്പിൽ ആനുപാതികമനുസരിച്ച് അമ്പത് അംഗങ്ങൾക്ക് ഒരു കൗൺസിൽ അംഗം എന്ന നിലയിലാണ് വോട്ടവകാശം. ഇതനുസരിച്ച്‌ 227 കൗൺസിലർമാർക്കാണ് വോട്ടവകാശമുള്ളത്. 205 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. ഒരു വോട്ട് അസാധുവായി. അതേസമയം ജില്ല മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളെല്ലാം സമവായത്തിലൂടെ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ സെൻട്രൽ കമ്മറ്റി മാത്രം വോട്ടെടുപ്പിലേക്ക് നീങ്ങിയതിൽ പ്രവർത്തകരിൽ പലരും അതൃപ്തരാണ്. പരാജയം വെറും പരാജയം മാത്രമെന്നും. ലോകം അവസാനിക്കുന്നില്ലന്നും പരാജയപ്പെട്ട സ്ഥാനാർത്ഥി അബ്ദുസ്സമദ് കൊടിഞ്ഞി പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ