റിയാദ്: സൗദി അറേബ്യയിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രചരണാർത്ഥം കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൈബര്‍ വിങ് നിര്‍മ്മിച്ച ഹ്രസ്വ ചിത്രം “മുന്നറിയിപ്പ്” വലിയ സന്ദേശം നൽകുന്ന ചെറു ചിത്രമായി. അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യൻ പ്രവാസികൾ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്നും അല്ലാത്ത പക്ഷം പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നുമുള്ള സന്ദേശം നൽകുന്നതാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള ചെറുചിത്രത്തിന്റെ ഉള്ളടക്കം.

ഇനിയും സൗദി അറേബ്യ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് കരുതി ഈ സുവർണാവസരം നഷ്‍ടപ്പെടുത്തരുതെന്നും ഈ അവസരം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയാൽ പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങി വരുന്നതിന് വിലക്കില്ലെന്നും ചിത്രത്തിന്റെ സന്ദേശത്തിലുണ്ട്. പ്രവാസി മലയാളികളായ ഒരുകൂട്ടം കലാകാരന്മാരാണ് ചിത്രത്തിന് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത്.

short film, saudi arabia

റഫീക്ക് തിരുവിഴാം കുന്ന് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ നസീബ് കലാഭവന്‍, ഷംനാദ് കരുനാഗപ്പള്ളി, ഇര്‍ഷാദ് കായാക്കുള്‍, ഷാജി ആലപ്പുഴ എന്നിവരാണ് വേഷമിട്ടത്. ഷെഫീര്‍ മുഹമ്മദും ഷാഹുല്‍ ചെറുപ്പയുമാണ് സംവിധാന സഹായികള്‍. അനില്‍ കുമാര്‍ തമ്പുരു (ക്യാമറ), കാനേഷ് ചന്ദ്രന്‍ (എഡിറ്റിങ്), ജോസ് കടമ്പനാട് (ശബ്ദ നിയന്ത്രണം), സുബി സജിന്‍ (ഡബ്ബിങ് ), ഷഫീഖ് കൂടാളി (നിര്‍മ്മാണ മേല്‍നോട്ടം) എന്നിവരാണ് അണിയറ പ്രവർത്തകർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ