റിയാദ്: അംഗപരിമിതിയെ വെല്ലുവിളിച്ച് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കൺമണിക്ക് റിയാദ് കേളിയുടെ പ്രത്യേക പുരസ്കാരം. അമ്പലപ്പുഴയിൽ മന്ത്രി ജി.സുധാകരനാണ് ഈ വർഷത്തെ കേളി കലാസാംസ്കാരിക വേദിയുടെ ദക്ഷിണമേഖലാ വിദ്യാഭ്യാസ മേന്മാ പുരസ്‍കാരങ്ങൾ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച് കൺമണിക്ക് പ്രത്യേക പുരസ്കാരം നൽകിയത്.

എസ്എസ്എല്‍സി പരീക്ഷയിൽ ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും വേണ്ടെന്നുവച്ച് കാല്‍വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവച്ച് പത്താംതരത്തിൽ 9 എ പ്ലസ് നേടിയ കൺമണി പാഠ്യേതര വിഷയങ്ങളിലും ഏറെ മുന്നിലാണ്. ഇതെല്ലാം പരിഗണിച്ചാണ് കേളിയുടെ പ്രത്യേക പുരസ്കാരം കൺമണിയെ തേടിയെത്തിയത്. പുസ്തകങ്ങളെ സ്നേഹിക്കുന്ന കൺമണിക്ക് ‘ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ’യും, ‘ഹെലന്‍ കെല്ലറുടെ അതിസാഹസികത’യും ഇഷ്ടപ്പെട്ടതാണ്. കാലുകൊണ്ട് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കുന്നതും വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതും ഈ മിടുക്കിക്ക് അനായാസം കഴിയും. ചിത്രരചനയിലും ഇവള്‍ മുന്നിലാണ്. ജലഛായം, എണ്ണഛായം എന്നിവയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കേളി കലാസാംസ്കാരിക വേദിയുടെ പ്രത്യേക പുരസ്കാരം മന്ത്രി ജി.സുധാകരൻ കൺമണിക്ക് നൽകുന്നു

കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സംസ്‌കൃതം അഷ്ടപദി, ഗാനാലാപനം, എന്നിവയില്‍ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തുടര്‍ച്ചയായി നാലു തവണ ആലപ്പുഴ ജില്ലാ കലോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡാടെ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിച്ചിട്ടുമുണ്ട്. തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയില്‍ ശശികുമാറിന്റേയും രേഖയുടേയും മകളാണ്.

കപ്പക്കട പികെസി സ്മാരക ഹാളിൽ ചേർന്ന സമ്മേളനത്തിൽ കൺമണിക്ക് നൽകിയ പ്രത്യേക പുരസ്കാരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള ഏഴു വിദ്യാർത്ഥികളെയും ആദരിച്ചു. കേളി പ്രസിഡന്റ് ദയാനന്ദൻ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത് സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതിയംഗം മുഹമ്മദ്കുഞ്ഞി വള്ളിക്കുന്നം, നസീം രക്ഷാധികാരി കൺവീനർ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ