റിയാദ്: സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളക്ക് മാർച്ച് പതിനാലിന് റിയാദിൽ തുടക്കമാകും. അറബ് രാജ്യങ്ങളിലെ പ്രധാന പുസ്തക മേളയിലൊന്നാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർത്വത്തിൽ സൗദി സാംസകാരിക വാര്‍ത്താ വിതരണ വകുപ്പാണ് മേളക്ക് ആതിഥേയത്വം വഹിക്കുക. ഓരോ വർഷവും അഥിതി രാജ്യങ്ങളുണ്ടാകുന്ന മേളയിൽ ഇത്തവണ യുഎഇയാണ് അതിഥി.

യുഎഇയുടെ സാംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക പവലിയൻ അനുവദിക്കും. മാർച്ച് പതിനാലിന് ആരംഭിക്കുന്ന മേള മാര്‍ച്ച് 24 ന് അവസാനിക്കും. റിയാദ് എക്സിറ്റ് പത്തിലെ അന്താരാഷ്ട്ര പ്രദർശന ഹാളിലാണ് മേള നടക്കുക. രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി ആയിരത്തി അഞ്ഞൂറോളം പ്രസാധകര്‍ മേളക്കെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പബ്ലിഷിങ് ഹൗസ് മേളയില്‍ പങ്കെടുക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാൻ വായന പ്രേമികൾ ഇക്കാലയളവിൽ സൗദിയിലെത്തും. സൗദിയുടെ വിവിധ പ്രവിശ്യകളിലെ സ്‌കൂളുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും മേളയിൽ പങ്കെടുക്കും. എഴുത്തുകാർ, പണ്ഡിതർ, അക്കാദമിക് സ്ഥാപനങ്ങൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് മേള പുരോഗമിക്കുക. പതിനായിരക്കണക്കിന് സന്ദർശകരാണ് ദിനേന മേള കാണാനെത്തുക. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ