റിയാദ്: റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളക്ക് തുടക്കം. സൗദി സാംസ്​കാരിക വാർത്താവിതരണമന്ത്രി അവാദ്​ അൽ അവാദ്​ മേള ഉദ്ഘാടനം ചെയ്തു. അറബ്​ സംസ്​കാരിക വിനിമയത്തി​ന്റെ പാലമായാണ് റിയാദ് പുസ്തകമേളയെ അദ്ദേഹം വിശേഷിപ്പിച്ചത്. യുഎഇ അതിഥിരാഷ്ട്രമായി പങ്കെടുക്കുന്ന മേളയിൽ യുഎഇ സാംസ്​കാരിക മന്ത്രി നൂറ ബിൻത്​ മുഹമ്മദ്​ അൽഖാബി മുഖ്യാതിഥിയായിരുന്നു. പുസ്​തകോൽസവങ്ങൾ രാജ്യത്തി​ന്റെ സാംസ്​കാരികവും കലാപരവുമായ അടയാളപ്പെടുത്തലുകളുടെയും ആശയ സംവാദങ്ങളുടെയും വേദിയാണെന്ന്​ അവർ പറഞ്ഞു.

Photo Courtesy: Saudi Press Agency

സൗദി സാംസ്‌കാരിക വിവര വിനിമയ മന്ത്രാലയം നടത്തുന്ന അന്താരാഷ്ട്ര പുസ്തക മേള ലോകത്ത് ഏറ്റവും കൂടുതല്‍ പുസ്തകങ്ങളുടെ വില്‍പ്പന നടക്കുന്ന മേളകളിലൊന്നാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 520 പ്രസാധകരാണ്​ പത്ത്​ ദിവസം നീളുന്ന മേളയിൽ പങ്കെടുക്കുന്നത്​. അതിഥി രാജ്യമായ യുഎഇയിൽ നിന്ന് ഇരുപതിലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്.

Photo Courtesy: Saudi Press Agency

റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന മേളയില്‍ സാഹിത്യ സംവാദങ്ങള്‍, സെമിനാറുകള്‍, കവിയരങ്ങുകള്‍, സാംസ്‌കാരിക സമ്മേളനം, ശില്പശാലകള്‍ തുടങ്ങി നിരവധി പരിപാടികൾ ഈ ദിവസങ്ങളിൽ നടക്കും. ഉദ്ഘാടന ദിവസം മുതൽ നിരവധി പേർ മേള സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ