റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച അക്ഷരോത്സവം സമാപിച്ചു. തൊഴിൽ എന്നതിനപ്പുറത്ത് മാധ്യമ പ്രവർത്തനം ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്ന്​ റിയാദ് ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി വി. നാരായണൻ. റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം ജേർണലിസം ട്രെയിനിങ്​ പ്രോഗ്രാം ബിരുദദാന പരിപാടിയായ ‘അക്ഷരോത്സവത്തി’ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാധ്യമ വിപ്ലവം നടക്കുന്ന കാലമാണിത്. സാമൂഹിക ബോധത്തെ സ്വാധീനിക്കാൻ കഴിയുന്നത് മാധ്യമങ്ങൾക്കാണ്. അതുകൊണ്ടുതന്നെ മാധ്യമ മേഖലയിലുളളവർക്ക്​ തങ്ങൾ നിർവഹിക്കുന്നത് വലിയ ബാധ്യതയാണെന്ന്​ ഓർമ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ്​ നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. സാംസ്​കാരിക സമ്മേളനം രക്ഷാധികാരി അശ്​റഫ് വേങ്ങാട്ട് ഉദ്ഘാടനംചെയ്തു. അഞ്ചു മാസം നീണ്ടുനിന്ന ജേർണലിസം ട്രെയിനിങ് ​പ്രോഗ്രാമിൽ വീട്ടമ്മമാർ, അധ്യാപകർ, വിദ്യാർഥികൾ, ഉദ്യോഗസ്​ഥർ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ള 30 പേരാണ് പഠിതാക്കളായുണ്ടായിരുന്നത്​.

20 ഭാഗങ്ങളായി തയാറാക്കിയ പാഠ്യപദ്ധതി പ്രകാരമാണ്​ പരിശീലനം നടന്നത്​. പ്രമുഖ മാധ്യമ പ്രവർത്തകരായ എം.വി.നികേഷ് കുമാർ, സി.കെ.ഹസൻ കോയ എന്നിവർ നയിച്ച ശിൽപശാലകൾ, മാധ്യമ ധർമം എന്ന വിഷയത്തിൽ ഷക്കീബ് കൊളക്കാടൻ നയിച്ച സെമിനാർ എന്നിവ കോഴ്സിന്റെ ഭാഗമായി നടന്നു. പരീക്ഷയിൽ 86 ശതമാനം മാർക്ക്​ നേടി അഫ്നാൻ അബ്ബാസ്​ ഒന്നാം സ്​ഥാനം നേടി. പരിശീലനം പൂർത്തിയാക്കിയവർ തയാറാക്കിയ മൂന്നു ടിവി ന്യൂസ്​ ബുളളറ്റിനുകളും പാനൽ ഡിസ്​കഷനും സമാപന പരിപാടിയിൽ പ്രദർശിപ്പിച്ചു. ഇവർക്കുള്ള സർട്ടിഫിക്കറ്റും ഫലകവും വി. നാരായണൻ സമ്മാനിച്ചു.

കോഴ്​സിൽ ഗസ്​റ്റ് ലക്ചററായി വിവിധ ക്ലാസുകൾ നയിച്ച അബ്​ദുറസാഖ്, കനേഷ്, ബേബി കുര്യാച്ചൻ, റാഷിദ് ഖാൻ എന്നിവർക്കും ഉപഹാരം സമ്മാനിച്ചു. പഠിതാക്കളുടെ വിവിധ കലാപരിപാടികൾ നടന്നു. ജംഷീർ കൈനിക്കരയുടെ സംഗീത പരിപാടിയും അരങ്ങേറി. ഷംനാദ് കരുനാഗപ്പളളി, ഷക്കീബ് കൊളക്കാടൻ, നജിം കൊച്ചുകലുങ്ക്, ഷാജിലാൽ, ഉബൈദ് എടവണ്ണ, ബഷീർ പാങ്ങോട് എന്നിവർ സംസാരിച്ചു. സുലൈമാൻ ഈരകം, കെ.സി.എം അബ്​ദുല്ല, ജലീൽ ആലപ്പുഴ, ഗഫൂർ മാവൂർ, ഷഫീഖ് കിനാലൂർ, അബ്​ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി. വി.ജെ നസ്​റുദ്ദീൻ സ്വാഗതവും റഷീദ് ഖാസിമി നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ