റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ജനാധിപത്യത്തി​ന്റെ നാലാം തൂണിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമം അത്യന്തം അപകടകരമായ ഒന്നാണ്

റിയാദ്​: പ്രമുഖ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ല​ങ്കേഷി​ന്റെ വധത്തെ തുടർന്ന്​ ഇന്ത്യയിലെമ്പാടും മാധ്യമ, സാംസ്കാരിക പ്രവർത്തകർ ഉയർത്തുന്ന പ്രതിഷേധങ്ങളോട്​ ​ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ റിയാദിലും പ്രതിഷേധ സംഗമം നടന്നു. റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം ബത്​ഹയിലെ ഓഫീസിൽ സംഘടിപ്പിച്ച പരിപാടി എഴുത്തുകാരൻ ജോസഫ്​ അതിരുങ്കൽ ഉദ്​ഘാടനം ചെയ്​തു. ഭരണ ഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഗൗരി ല​ങ്കേഷി​ന്റെ കൊലപാതകത്തിലൂടെ ഇല്ലാതായതെന്ന്​ ജോസഫ്​ പറഞ്ഞു.

ജനാധിപത്യത്തി​ന്റെ നാലാം തൂണിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമം അത്യന്തം അപകടകരമായ ഒന്നാണ്. ജനാധിപത്യ പരമാധികാര റിപബ്ലിക്കിന്​ പകരം ഭയത്തി​ന്റെ റിപ്പബ്ലിക്ക് സൃഷ്​ടിക്കാനാണ് ഇരുട്ടി​ന്റെ ശക്തികള്‍ ശ്രമിക്കുന്നത്. എതിര്‍ ശബ്​ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യ രാഷ്​ട്രത്തിന്​ ഭൂഷണമല്ല. വിയോജിക്കാനുള്ള അവകാശം ഭാരണഘടന ഉറപ്പുനൽകുന്നതാണ്​. ഇന്ത്യയുടെ പാരമ്പര്യം ബഹുസ്വരതയുടേതാണ്. ബഹുസ്വരത അവസാനിക്കുന്നിടത്ത് ഫാസിസം ആരംഭിക്കുന്നു. ഗാന്ധിയെയും നെഹ്​റുവിനെയും പുറന്തള്ളി പാഠപുസ്തകങ്ങള്‍ വരു​മ്പോൾ പുതിയ തലമുറ മഹത്തായ ചരിത്രങ്ങൾ അറിയാതെ പോകും. കൊലപാതകികള്‍ക്ക് പ്രതിമ നിർമിക്കുന്ന കാലത്ത്​ ആരാണ്​ ശരിയെന്ന്​ തലമുറകൾ മനസിലാക്കാതെ പോകും. ഇത്​ അനുവദിക്കാൻ പാടില്ല. ജനകീയമായ ചെറുത്തുനിൽപുണ്ടാവണം. എഴുതുക എന്നാല്‍ പോരാടുക എന്ന് കൂടി അർഥമുണ്ടെന്നും ജോസഫ്​ കൂട്ടിച്ചേർത്തു.

ഇരുള്‍ മൂടുന്ന ഈ കാലത്ത് ചെരാതുകള്‍ പോലെ ജനാധിപത്യ, മതേതര കൂട്ടായ്മകള്‍ രാജ്യമെങ്ങും ഉയര്‍ന്നുവരണം. ധബോല്‍ക്കാര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകികളെ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹമാ​ണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നജിം കൊച്ചുകലുങ്ക്​ അധ്യക്ഷത വഹിച്ചു. ‘മാധ്യമസ്വാതന്ത്ര്യത്തിന്റെ നെഞ്ച്​ തുളച്ച വെടിയുണ്ടകൾ’ എന്ന വിഷയം ചീഫ്​ കോ ഓർഡിനേറ്റർ റഷീദ്​ ഖാസിമി അവതരിപ്പിച്ചു. വെൽഫെയർ കൺവീനർ സുലൈമാൻ ഊരകം സ്വാഗതം പറഞ്ഞു. നവാസ്​ ഖാൻ പത്തനാപുരം, ജയൻ കൊടുങ്ങല്ലൂർ, ശിഹാബ്​ കുഞ്ചീസ്​, സമീഷ്​ സജീവ്​, മുജീബ്​ താഴത്തേതിൽ, ഫരീദ്​ ജാസ്​, നൗഫൽ പാലക്കാടൻ തുടങ്ങിയവർ ചർച്ചയിൽ പ​ങ്കെടുത്തു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Riyadh indian media forum protest meet in riyadh

Next Story
പ്രവാസികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ രാജ്യം ബഹ്‌റൈനെന്ന് ആഗോള സര്‍വേbahrain
The moderation of comments is automated and not cleared manually by malayalam.indianexpress.com