റിയാദ്: സൗദി മതകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോൾ ആന്റ് ഗൈഡൻസ് സെന്ററുകളുടെ സഹകരണത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ രണ്ട് പതിറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച ലേൺ ദി ഖുർആൻ പദ്ധതിയുടെ പതിനേഴാമത് സൗദി ദേശീയ തല സംഗമം റിയാദിൽ നടക്കും. സൗദിയിലും കേരളത്തിലും വ്യവസ്ഥാപിതമായി നടപ്പിൽ വരുത്തിയ ഈ പദ്ധതിയിൽ ആയിരക്കണക്കിന് പഠിതാക്കളാണ് ഖുർആൻ പഠിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രസ്തുത പഠിതാക്കളുടെ സൗദി തല സംഗമമാണ് ഏപ്രിൽ ഏഴ് വെള്ളിയാഴ്ച റിയാദ് എക്സിറ്റ് പതിനെട്ടിലുള്ള നോഫ ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കിയ വേദികളിലായി നടക്കുന്നതെന്നും സംഘാടക സമിതി ചെയർമാൻ കെ.ഐ.അബ്ദുൽ ജലാൽ, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ജനറൽ കൺവീനർ ഹുസ്സൻ എം.ഡി, ലേൺ ദി ഖുർആൻ പരീക്ഷാ കൺട്രോളർ അബ്ദുൽ ഖയ്യൂം ബുസ്താനി, അബ്ദുറഹിമാന്‍ സലാഹി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആരംഭിക്കുന്ന സംഗമത്തിൽ വ്യത്യസ്ത വേദികളിൽ വിവിധ സെഷനുകളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ എം.എം അക്ബർ, പ്രഗൽഭ വാഗ്മിയും പണ്ഡിതനുമായ നസീറുദ്ദീൻ റഹ്മാനി എന്നിവർ മുഖ്യാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും.

രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം ഇസ്‌ലാഹി സെന്റർ അഡ്‌ഹോക് കമ്മിറ്റി ജനറൽ കൺവീനർ അബ്ബാസ് ചെമ്പൻ (ജിദ്ദ) ഉദഘാടനം ചെയ്യും. സനീർ സ്വലാഹി (ബുറൈദ), അബ്ദുസ്സലാം ഫൈസി (ദുർമ), അബ്ദുറഷീദ് മദീനി (അൽഖർജ്), മൻസൂർ അൻസാരി (വാദി ദവാസിർ), അയ്യൂബ് സുല്ലമി (ദമ്മാം), ഫിറോസ് സ്വലാഹി (ദിലം), ഫിറോസ് സ്വലാഹി (ഖുൻഫുദ), മൻസൂർ സ്വലാഹി (മദീന) എന്നിവർ പങ്കെടുക്കും. അബ്ദുൽ അസീസ് സുല്ലമി യാമ്പു (മാതൃകാ പ്രബോധകനും ജീവിത വിശുദ്ധിയും), റഫീഖ് സലഫി (പ്രവാചകരുടെ പ്രബോധന മാർഗം), അബ്ദുറഹ്മാൻ മദീനി) (സംഘടനാ ബോധവും ആദർശ നിഷ്ഠയും), ഇദ്‌രീസ് സ്വലാഹി (ഇസ്്‌ലാഹി പ്രസ്ഥാനം; ചരിത്രവും ദൗത്യവും) എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

പ്രധാന വേദിയിൽ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന വനിതാ സമ്മേനത്തിന് റിയാദ് ഏരിയാ എം.ജി.എം. ഭാരവാഹികൾ നേതൃത്വം നൽകും. പ്രസിഡന്റ് രഹ്‌ന ജലാൽ അധ്യക്ഷത വഹിക്കും. ദല്ല ഇസ്‌ലാമിക് കാൾ ആന്റ് ഗൈഡൻസ് സെന്റർ വനിത വിഭാഗം ഡയറക്ടർ ഷൈഖ മുനീറ ഖാലിദി ഉത്ഘാടനം ചെയ്യും. അബീറമോൾ സ്വലാഹിയ്യ ജുബൈൽ (കുടുംബം ഒരു സ്വാന്തന തീരം), റഷ്ന അരീക്കോട് ദവാദ്മി (സ്ത്രീ സുരക്ഷ, പ്രശ്‌നവും പരിഹാരവും), നഫീസ മൂസ (നാം ഒരുങ്ങുക, നാളേക്ക് വേണ്ടി) എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. വനിതാ സംഗമത്തിന് ആദ്യമെത്തുന്ന അഞ്ഞൂറ് കുടുംബങ്ങൾക്ക് ഡബിൾ ഹോഴ്‌സ് നൽകുന്ന സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ഒമ്പത് മണിക്ക് മുമ്പ് റജിസ്‌ട്രേഷൻ കൗണ്ടറിൽ നിന്ന് സമ്മാന കൂപ്പൺ ഏറ്റു വാങ്ങണം.

വേദി മൂന്നിൽ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന കളിച്ചങ്ങാടം കിഡ്‌സ് കോർണറില്‍ കുട്ടികള്‍ക്കായുള്ള പരിപാടികള്‍. വിവിധ തരത്തിലുള്ള മത്സരങ്ങൾ, ഇന്ററാക്ഷൻ ക്ലാസുകൾ തുടങ്ങിയ പരിപാടികൾ നടക്കും. അഡ്വ:അനീര്‍ ബാബു ഉദ്ഘടാനം ചെയ്യും, ശിഹാബ് എടക്കര (ഞാനും എന്റെ കലാലയവും), അംജദ് അന്‍വാരി (MY PROPHET MY OWNER) അഫ്‌സൽ കയ്യ്യങ്കോട് (NO EDUCATION WITHOUT MORALITY) എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. കളിച്ചങ്ങാടത്തിൽ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഉപഹാരങ്ങൾ നല്‍കും.

പ്രധാന വേദിയിൽ ഉച്ചക്ക് രണ്ട് മണിക്കു കുടുംബ സംഗമം നടക്കും. ഇസ്‌ലാഹി സെന്റർ സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ഡോ. ഫാറൂഖ് ഉദ്ഘാടനം ചെയ്യും. നൗഷാദലി കോഴിക്കോട് ഉപക്രമ പ്രസംഗം നടത്തും. ഉസാമ മുഹമ്മദ് ജിദ്ദ (കരുണക്ക് കേഴുന്ന മാതാപിതാക്കൾ), അജ്മൽ മദനി അൽഖോബാർ (തകർന്നു കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ), അബ്ദുൽ മജീദ് സുഹ്‌രി യാമ്പു (ആദർശ കുടുംബം) എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

പതിനേഴാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിലെ സവിശേഷമായ സാംസ്‌കാരിക സമ്മേളനം വൈകുന്നേരം നാലുമണിക്ക് വേദി ഒന്നിൽ വ്യവസായ പ്രമുഖൻ അഹമ്മദ് കോയ (FLEERIYA GROUP) ഉദ്ഘാടനം ചെയ്യും. റിയാദിലെ സാമൂഹിക സാംസ്‌കാരിക വ്യവസായിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കബീർ സലഫി പറളി ജുബൈൽ (അന്ധവിശ്വാസത്തിനെതിരെ നവോത്ഥാന മുന്നേറ്റം), ഷിഹാബ് സലഫി ജിദ്ദ (സാമൂഹ്യ ക്ഷേമവും ഇസ്‌ലാഹി പ്രസ്ഥാനവും) വിഷയങ്ങൾ അവതരിപ്പിക്കും. ലേൺ ദി ഖുർആൻ പതിനേഴാം ഘട്ട ഫൈനൽ പരീക്ഷയിൽ പങ്കെടുത്ത് ഉന്നത വിജയം നേടിയ മുഴുവൻ പഠിതാക്കളെയും സമ്മാനങ്ങൾ നൽകി ആദരിക്കും. റാങ്ക് ജേതാക്കളെ ഗോൾഡ് മെഡൽ നൽകി ആദരിക്കും. സൗദി അറേബ്യയിൽ ഉന്നത വിജയം നേടിയ പഠിതാക്കൾക്കും റിയാദ് സെന്ററിലെ പരീക്ഷാർത്ഥികളിൽ എഴുപത് ശതമാനം മാർക്ക് വാങ്ങിയ മുഴുവൻ പഠിതാക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. സമ്മാനത്തിനു അർഹരായവർ സമ്മേളന നഗരിയിൽ നിന്നു സമ്മാനങ്ങൾ കൈപറ്റണമെന്ന് ഭാരവാഹികൾ അറിയിച്ചു.

സമാപന സമ്മേളനം ബത്ഹ കോൾ ആൻ ഗൈഡൻസ് മേധാവി ശൈഖ് ഫൈസൽ അൽ അഷീമാൻ ഉദ്ഘാടനം ചെയ്യും. ശൈഖ് അബ്ദുറഹിമാന്‍ അലി ആലു ഹമൂദ് (ജംയ്യിത്ത് തഹ്ഫീദുല്‍ ഖുര്‍ആന്‍ ഇസ്‌ലാമിക മന്ത്രാലയം) ശൈഖ് നൂഹ് ബ്‌ന് നാസ്വിർ അൽഖരീൻ (അസിസ്റ്റന്റ് ഡയറക്ടർ, ബത്ത കോൾ ആന്റ് ഗൈഡൻസ് സെന്റർ) ശൈഖ് സ്വാലിഹ് നാസർ അൽഖത്വാഫ്, ഷൈഖ് സഊദ് അബ്ദുൽ അസീസ് അസ്സഈദ്, ശൈഖ് മാഹിർ അൽഹമ്മാദി സംബന്ധിക്കും. ‘ഇസ്ലാമോഫോബിയയുടെ ലോകം , നാം എന്തു ചെയ്യണം’ എന്ന വിഷയത്തിൽ പ്രഗത്ഭ വാഗ്മി എം.എം അക്ബർ മുഖ്യപ്രഭാഷണം നടത്തും. സംഗമ വേദിയിലേക്ക് രാവിലെ എട്ട് മണിക്ക് ബത്ഹ സലഫി മദ്രസയുടെ സമീപത്തുനിന്നു യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0504433796, 0555478818, 0508325235 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ