റിയാദ്: ഇന്ത്യന്‍ എംബസ്സി സ്കൂള്‍ ഈ അധ്യയന വർഷം വർധിപ്പിച്ച ഫീസ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മുൻവർഷത്തേക്കാൾ​ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെ രക്ഷിതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

പുതിയ അധ്യയന വർഷത്തിൽ 70 റിയാലിന്റെ ഫീസ് വർധനവാണ് നടപ്പാക്കിയത്. എന്നാൽ ശക്തമായ എതിർപ്പിനെ തുടർന്ന് വർധനവ് 40 റിയാലാക്കി കുറച്ചു. കഴിഞ്ഞ ദിവസം ഫീസ് വർധനവ് 40 റിയാലാക്കി നിജപ്പെടുത്തിയതായുളള​ സർക്കുലർ വിദ്യാർത്ഥികൾക്ക് കൈമാറി.

കെ.ജി മുതൽ അഞ്ചാം ക്ലാസ്‌ വരെയുള്ള വിദ്യാർഥികൾക്ക് മൂന്നുമാസത്തേയ്ക്ക് 1110റിയാലും ആറു മുതൽ 10 വരെയുള്ള വിദ്യാർഥികൾക്ക് 1185 റിയാലും 11,12ക്ലാസുകാർക്ക് 1335 റിയാലുമാണ് ഈ അധ്യയന വർഷത്തേയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ നിശ്ചയിച്ച ഫീസ് . കഴിഞ്ഞ അധ്യയന വർഷം ഈ വിഭാഗങ്ങളിൽ യഥാക്രമം 885, 960,1110 റിയാൽ ആയിരുന്നു ഫീസ്. ആ ഫീസ് നിരക്കാണ് 30 ശതമാനത്തോളം വർധിപ്പിച്ച് പുതുക്കിയ ഫീസ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യൻ അംബാസഡർ,പ്രിൻസിപ്പാൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകുകയും ചെയ്തു.

കടുത്ത തൊഴില്‍ – ശമ്പള പ്രശ്നങ്ങള്‍ നേരിടുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് യാതൊരു പരിഗണയും കൊടുക്കാതെയായിരുന്നു ഫീസ്‌ വര്‍ദ്ധിപ്പിച്ച നടപടി എന്നത് പ്രതിഷേധത്തിന്റെ ശക്തി വർധിപ്പിച്ചു കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഏറെ ബാധിച്ചിട്ടും സ്വകാര്യ സ്കൂളുകള്‍ പോലും ഫീസ്‌ വര്‍ദ്ധിപ്പിക്കാത്ത അവസ്ഥയില്‍ ലാഭേച്ഛ മാത്രം ലക്ഷ്യം വച്ചുള്ള എംബസ്സി സ്കൂള്‍ മാനേജ്മെന്റ് നടപടി എന്ന് ആരോപിച്ച് രക്ഷിതാക്കളുടെ പ്രതിഷേധം ശക്തിപ്പെടുത്തി.

ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മാനേജിങ് കമ്മിറ്റിയെ സമീപിച്ചപ്പോൾ ഭാരിച്ച ചെലവ് കാരണം കുറക്കാനാകില്ലെന്നായിരുന്നു നിലപാടെടുത്തതെന്ന് രക്ഷിതാക്കൾ പറഞ്ഞു. തുടർന്ന് ചെലവു ചുരുക്കുന്നതിന് രക്ഷിതാക്കൾ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തു. കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയുടെ വാടക ചാർജുകൾ ബന്ധപ്പെട്ടവരുമായി സംസാരിച്ച് കുറക്കുക, സ്‌കൂൾ അവധി ദിവസങ്ങളിൽ സ്റ്റേഡിയവും ഓഡിറ്റോറിയവും വാടകയ്ക്ക് നൽകുക,ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു കാമ്പസിലേക്ക് മാറ്റി ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കി കെട്ടിട വാടക ലാഭിക്കുക,അഡ്മിനിസ്‌ട്രേഷൻ മേഖലയിലെ അനാവശ്യ ചെലവു കുറക്കുക, വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതിനാൽ അനാവശ്യ സ്റ്റാഫിനെ ഒഴിവാക്കുക, ഫീസിൽ ആനുകൂല്യം നൽകി അഡ്മിഷൻ വർധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ രക്ഷിതാക്കൾ ബന്ധപ്പെട്ടവർക്ക് നൽകിയ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

ഇതെല്ലാം പരിഗണിച്ചു കൊണ്ടായിരിക്കണം ഇപ്പോള്‍ ഫീസ്‌ വര്‍ധന പകുതിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സൗദി വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ഫീസ്‌ വര്‍ധനയേക്കാള്‍ കൂടുതല്‍ ആണ് ഇപ്പോഴത്തെ ഫീസ് നിരക്ക് എന്നാണ് രക്ഷാകര്‍ത്താക്കളുടെ ആക്ഷേപം. കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 25 മുതല്‍40 റിയാലിന്റെ വര്‍ധന ആണ് സൗദി വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത് . അത് കണക്കിലെടുത്ത് ഫീസ്‌ നിജപ്പെടുത്തണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം.

വാർത്ത : സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook