റിയാദ്: സൗദി അറേബ്യയിൽ പ്രതേക നികുതി പ്രാബല്യത്തിൽ വന്നതോടെ പുകയില ഉത്പന്നങ്ങളുടെ വില രണ്ടിരട്ടിയായി. പുകയില ഉത്പന്നങ്ങള്‍ക്ക് 100 ഇരട്ടിയാണ് അധികനികുതിയായി ചുമത്തിയത്. പുതിയ നികുതി വരുമാനം വഴി പ്രതിവർഷം 1200 കോടി സൗദി റിയാൽ വരുമാനമായി ഖജനാവിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്.

എനർജി ഡ്രിങ്കുകൾ നൂറ് ശതമാനവും ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനവുമാണ് അധിക നികുതിയായി വരുന്നത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും സൗദിയിൽ ഉത്പാദിപ്പിക്കുന്നതുമായ പുകയില ഉൽപന്നങ്ങളുടെയും, എനർജി ഡ്രിങ്കുകളുടെയും നിർമ്മാണവും ഉപയോഗവും ഗണ്യമായി കുറക്കാൻ പുതിയ നികുതി ചുമത്തൽ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.

പ്രതിവർഷം രാജ്യത്ത് 700 കോടി സൗദി റിയാലിന്റെ സിഗരറ്റും 600 കോടി റിയാലിന്റെ ശീതള പായനീയങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. ജൂൺ പത്ത് മുതൽ വിൽപന നടത്തുന്ന പഴയ സ്റ്റോക്കിനും നികുതി നൽകേണ്ടി വരും. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം മധ്യത്തോടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഈ നിയമം നിലവിൽ വരും. പ്രത്യേക നികുതിയുടെ പരിധിയിൽ വരുന്ന ഉൽപന്നങ്ങളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട ഇടപാട് രേഖകൾ കൃത്യമായി സൂക്ഷിക്കണം.

സക്കാത്ത്, നികുതി വകുപ്പുകൾ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കാത്തവർക്കും ഉദ്യോഗസ്ഥരെ കൃത്യ നിർവഹണത്തിൽ നിന്ന് തടയുന്നവർക്കും നിയമത്തിലെ മറ്റ് വകുപ്പുകൾ ലംഘിക്കുന്നവർക്കും പിഴ ഉണ്ടാകും. നിയമ ലംഘനം ആവിർത്തിക്കപ്പെട്ടാൽ ഇരട്ടി തുക പിഴ ഈടാക്കുകയോ ആറു മാസത്തേക്ക് ലൈസൻസ് മരവിപ്പിക്കുകയോ ചെയ്യും. നികുതി വെട്ടിപ്പ് നടത്തുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ചാൽ നിയമാനുസൃതം അടക്കേണ്ട തുകയുടെ മൂന്നിരട്ടി പിഴയായി ചുമത്തും. നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന, സകാത്ത്, നികുതി ജീവനക്കാരല്ലാത്തവർക്ക് പാരിതോഷികം നൽകുന്നതിനും നിയമത്തിൽ വകുപ്പുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook