റിയാദ്: ലോകത്തെ ഇസ്‌ലാം ക്രൈസ്തവ യഹൂദ വിഭാഗങ്ങൾ ഒരു പോലെ ആദരിക്കുന്ന ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ഡോണൾഡ് ട്രംപിന്റെ നടപടി അപലപനീയവും മേഖലയിൽ അസമാധാനവും അശാന്തിയും വളർത്തുന്നതുമാണെന്ന് റിയാദ് ക്രിയേറ്റിവ് ഫോറം സംഘടിപ്പിച്ച ‘ജറൂസലേം: നാം പലസ്തീൻ ജനതയോടൊപ്പം’ സെമിനാർ അഭിപ്രായപ്പെട്ടു. പലസ്തീൻ ജനതയെ അവരുടെ മണ്ണിൽ നിന്നും പുറത്താക്കി അധിനിവേശത്തിലൂടെയും അതിക്രമത്തിലൂടെയും സ്ഥാപിക്കപ്പെട്ട ഇസ്രായേലിനെ വഴിവിട്ട് പിന്താങ്ങുന്ന ട്രംപിന്റെ നടപടി ലോകം അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഐക്യരാഷ്ട്രസഭയിൽ ട്രംപിന്റെ തീരുമാനത്തിനെതിരെ ഇന്ത്യയും സൗദി അറേബ്യയുമടക്കമുള്ള മഹാഭൂരിപക്ഷം വരുന്ന രാജ്യങ്ങളുടെ പ്രതികരണം. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക വഴി ജൂത താൽപര്യമായ ‘മഹനീയ ഇസ്രായേൽ’ സ്ഥാപിക്കാനുള്ള ട്രംപിന്റെ താൽപര്യമാണ് പ്രകടമായിരിക്കുന്നതെന്നും ട്രംപിന്റെ തീരുമാനത്തെ ചവറ്റുകൊട്ടയിലേക്കെറിയാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാവണമെന്നും സെമിനാർ അഭ്യർത്ഥിച്ചു.

ബ്രിട്ടന്റെ സാമ്രാജ്യത്വമോഹങ്ങളാണ് ആധുനിക കാലത്തെ അധിനിവേശങ്ങൾക്കും പലസ്തീൻ ജനതയുടെ മുഴുവൻ ദൈന്യതകൾക്കും കാരണമെന്നും ഐക്യരാഷ്ട്ര സഭയും പലസ്തീനിനും ചുറ്റുമുള്ള അറബ് മുസ്‌ലിം രാജ്യങ്ങളും ഇസ്രയേലിനേയും അവരെ പിന്തുണക്കുന്ന ശക്തികൾക്കെതിരെയും രംഗത്ത് വരണമെന്നും സെമിനാർ ഉദ്‌ഘാടനം ചെയ്ത റിയാദ് മതേതര ജനാധിപത്യ കൂട്ടായ്മ പ്രസിഡന്റ് അഡ്വ. ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് ഇംഗ്ളീഷുകാർക്ക് എത്രമാത്രം പ്രിയപ്പെട്ടതാണോ അത്രമാത്രം പ്രിയപ്പെട്ടതാണ് പലസ്തീൻ ജനതക്ക് അവരുടെ മണ്ണുമെന്ന മഹാത്മജിയുടെ പ്രഖ്യാപനത്തെ മുൻനിർത്തി പലസ്തീൻ ജനതക്ക് അവരുടെ മണ്ണിനെ പൂർണമായും വിട്ടുകൊടുക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ പരിഹാരം സാധിക്കൂവെന്ന് കെഎംസിസി നേതാവ് സത്താർ താമരത്ത് പറഞ്ഞു. ഡോണൾഡ് ട്രംപ് തങ്ങൾക്കെതിരെ വോട്ട് ചെയ്ത രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും അനുകൂലമായി വോട്ടു ചെയ്യുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയോ ചെയ്ത രാജ്യങ്ങൾക്ക് സൽക്കാരമൊരുക്കുകയും ചെയ്ത നടപടി ലജ്‌ജാകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത പീഡനങ്ങളാണ് നടക്കുന്നതെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പലസ്തീൻ ജനതയും അനുഭവിക്കുന്ന പീഡനങ്ങൾക്ക് സമാനതകളുണ്ടെന്നും ഒഐസിസി പ്രതിനിധി റോയ് വയനാട് പറഞ്ഞു. ലോകരാഷ്ട്രങ്ങളുടെ സജീവമായ ഇടപെടലുകളിലൂടെ മാത്രമേ അമേരിക്കയുടെ നിലപാടുകളിൽ നിന്നും പലസ്തീൻ ജനതയെ രക്ഷിക്കാൻ സാധിക്കൂവെന്ന് ‘ആവാസ്’ പ്രതിനിധി പി.സി.ശരീഫ് അഭിപ്രായപ്പെട്ടു. മനുഷ്യരെ ഭിന്നിപ്പിച്ച് ലാഭം കൊയ്യാനുള്ള സാമ്രാജ്യത്വ കുതന്ത്രങ്ങളെ തോൽപ്പിച്ച് മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മാനവികതയെ സംരക്ഷിക്കുവാനുള്ള നടപടികളാണ് വർത്തമാനകാലത്തിനു ആവശ്യമെന്നു റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോർഡിനേഷൻ കമ്മറ്റി പ്രതിനിധി നബീൽ പയ്യോളി പറഞ്ഞു.

ഇസ്രായേലിന്റെ അസ്തിത്വത്തെ അംഗീകരിക്കാതെ അവരുടെ കുതന്ത്രങ്ങളെ നയതന്ത്രപരമായ മികവുകളിലൂടെ പ്രതിരോധിക്കുകയും പലസ്തീൻ ജനതക്ക് ജീവിത സൗകര്യങ്ങളൊരുക്കുകയും മേഖലയിൽ സമാധാനത്തിനും സഹിഷ്ണുതക്കും വേണ്ടി യത്നിക്കുകയും ചെയ്ത സൗദി അറേബ്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വിവേകപൂർണ്ണമായ നിലപാടുകൾ മാതൃകയാക്കി ലോകരാജ്യങ്ങളെ ഇസ്രയേലിന്റെ സമ്മർദ്ദങ്ങളിൽ നിന്നും മോചിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം കാണാൻ ഇതര അറബി മുസ്‌ലിം രാജ്യങ്ങളും തയ്യാറാവണമെന്ന് സെമിനാറിന്റെ മോഡറേറ്റർ സുഫ്‌യാൻ അബ്ദുസ്സലാം പറഞ്ഞു.

ക്രിയേറ്റിവ് ഫോറം കൺവീനർ എഞ്ചി. അബ്ദുൽമജീദ് പട്ടാമ്പി വിഷയാവതരണം നടത്തി. നിച്ച് ഓഫ് ട്രൂത്ത് ചെയർമാൻ ഇഖ്ബാൽ കൊല്ലം സമാപന പ്രസംഗം നടത്തി. മുനീർ പാപ്പാട്ട് സ്വാഗതവും യാസർ അറഫാത്ത് അരക്കിണർ നന്ദിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook