റിയാദ്: സൗദി അറേബ്യയിൽ വ്യോമയാന രംഗത്തേക്ക് സ്വദേശി വനിതകളെ റിക്രൂട്ട് ചെയ്യുന്നു. റിയാദ് ആസ്ഥാനമായ ആഭ്യന്തര വിമാനക്കമ്പനിയായ ഫ്ലൈനാസ് ആണ് പൈലറ്റ് തസ്തികയിലേക്ക് വനിതകളെ തേടുന്നത്. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറുകൾക്കകം 1,000 ത്തോളം സൗദി സ്ത്രീകളാണ് സഹ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിച്ചതെന്ന് ഫ്ലൈനാസ് വക്താവ് പറഞ്ഞതായി എഎഫ്പി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ പരിവർത്തനത്തിന് സൗദി വനിതകൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും ഫ്ലൈനാസിന്റെ വിജയത്തിന് സ്ത്രീകൾക്ക് പ്രധാന പങ്കു വഹിക്കാമെന്നുമായിരുന്നു വിമാനക്കമ്പനി അപേക്ഷ ക്ഷണിച്ചുകൊണ്ടുളള അറിയിപ്പിൽ പറഞ്ഞത്. ബുധനാഴ്ച പുറത്തിറങ്ങിയ വിജ്ഞാപനത്തിനുപിന്നാലെ അപേക്ഷകൾ കൂട്ടത്തോടെ കമ്പനിയിലേക്ക് എത്തിത്തുടങ്ങി. മറ്റൊരു വിമാനക്കമ്പനിയായ ഫ്ലൈഡീൽ ഫ്ലൈറ്റ് അറ്റൻഡന്റ്സുമാരായി സൗദി വനിതകളെ ആവശ്യമുണ്ടെന്ന് പരസ്യം ചെയ്തതിനുപിന്നാലെയാണ് ഫ്ലൈനാസും സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചത്.
വ്യോമയാന മേഖലയിൽ സൗദി വനിതകൾക്ക് ജോലി ചെയ്യുന്നതിന് നിയമപരമായി വിലക്കുണ്ടായിരുന്നില്ല. പക്ഷേ ഈ രംഗത്ത് പ്രധാനമായും ഫിലിപ്പീൻസ് പോലുളള രാജ്യങ്ങളിൽനിന്നുളള വിദേശികളാണ് കൂടുതലായും ഉണ്ടായിരുന്നത്.
ഈ വർഷം ജൂണിലാണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്. സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ചരിത്രപരമായ തീരുമാനത്തിനു പിന്നാലെ കൂടുതൽ മേഖലകളിൽ സ്വദേശി വനിതകൾക്ക് പ്രാതിനിധ്യം നൽകാനുളള നീക്കത്തിലാണ് രാജ്യം.