റിയാദ്: മലപ്പുറം ജില്ലയിലെ വഴിക്കടവ് നിവാസികളായ റിയാദിലെ പ്രവാസികളുടെ കൂട്ടായ്മയായ “റിവ” (റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ) പത്താമത് ജനറൽ ബോഡിയോഗം ഷിഫയിലെ മലസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ചേർന്നു. ജനറൽ സെക്രട്ടറി തോമസ് കരിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ പത്തു വർഷക്കാലയളവിൽ മുപ്പതു ലക്ഷത്തിലധികം രൂപയുടെ സഹായം റിവ അംഗങ്ങൾക്കായി ചെയ്യാൻ സാധിച്ചു. റിവ അംഗമായിരിക്കെ മരണപ്പെടുന്ന അംഗങ്ങളുടെ വിധവകൾക്കു റിവ മാസാന്ത പെൻഷൻ നൽകി വരുന്നു. അതുപേലെ അഞ്ചു വർഷക്കാലം റിവ അംഗമാവുകയും 60 വയസ്സായ കരണത്താൽ പ്രവാസം അവസാനിപ്പിക്കേണ്ടി വരികയും ജീവിത പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന പ്രവാസിക്കും റിവ മാസാന്ത പെൻഷൻ നൽകുന്നതാണ്.

വഴിക്കടവ് പഞ്ചായത്തിലെ ജനങ്ങൾക്കും കൃഷിക്കും വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷണം നേടുന്നതിനും പ്രദേശത്തെ കുടി വെള്ള പ്രശം പരിഹരിക്കുന്നതിനുമായി ഒരു പദ്ധതി ആവിഷ്ക്കരിച്ചു സർക്കാരിൽ സമർപ്പിച്ചു. റിയാദിലെ മുഴുവൻ വഴിക്കടവുകാരായ പ്രവാസികളെയും റിവയിൽ അംഗമാക്കുകയും അവർക്കെല്ലാം നോർക്കയുടെ തിരിച്ചറിയൽ കാർഡ് സൗജന്യമായി എടുത്തു നൽകുകയും, സർക്കാരിന്റെ പ്രവാസി വെൽഫയർ ഫണ്ട് വഴി പെൻഷൻ പദ്ധതിയിൽ അംഗമാവാൻ വേണ്ട സഹായ സഹകരണങ്ങൾ നൽകി വരികയും ചെയ്തു വരുന്നു.

കേരള സർക്കാരിന്റെ കീഴിലെ നോർക്കയിൽ റജിസ്ട്രഷനുള്ള റിവയിൽ അംഗത്വം എടുക്കാത്ത വഴിക്കടവ് പ്രവാസികൾ ഇനിയും ഉണ്ടെങ്കിൽ അവർക്കു ​www.rivapravasi.org എന്ന റിവയുടെ വെബ്സെറ്റ് വഴി ബന്ധപ്പെടാവുന്നതാണ്. അടുത്ത രണ്ടു വർഷകാലത്തേക്കുള്ള 23 അംഗ നിർവാഹക സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സൈനുൽ ആബിദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗഫൂർ മൂച്ചിക്കാടൻ, അബൂബക്കർ വെള്ളക്കട്ട, അബ്ദുൽ സലാം പൂവൻ കാവിൽ, ജോൺസൺ മണിമൂളി, റഷീദ് തമ്പലക്കോടൻ, മജീദ് എന്നിവർ സംസാരിച്ചു. തോമസ് കരിയിൽ സ്വാഗതവും ഹനീഫ പൂവത്തിപോയിൽ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ