റിയാദ്: സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ ഭാഗമായി അധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടി – ട്രെയിനിങ് ഓഫ് ട്രെയിനേഴ്‌സ് – (റ്റോട്ട്: സ്റ്റെപ്പ് ഒന്ന്) റിയാദിലെ അല്‍ യാസ്മിൻ സ്‌കൂളില്‍ സംഘടിപ്പിച്ചു. സ്‌കൂളിലും തുടര്‍ന്നു സമൂഹത്തിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാൻ തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

സ്‌കൂളിലെ റജിസ്റ്റര്‍ ചെയ്ത 88 അധ്യാപകര്‍ പങ്കെടുത്തു. എല്ലാവര്‍ക്കും പരിശീലന മൊഡ്യൂള്‍ നല്‍കി. റിസാ ‘റ്റോട്ട് ടീമി’ലെ വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ച് ഡോ. തമ്പി വേലപ്പൻ, ലഹരിയുടെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് പത്മിനി യു നായര്‍, മദ്യപാനത്തെ സംബന്ധിച്ച് ഡോ. രാജുവര്‍ഗീസ്, ലഹരി ഉപഭോഗം ഉണ്ടാക്കുന്ന വിവിധ മാനസിക പ്രശ്‌നങ്ങളെപ്പറ്റി ഡോ. നസീം അക്തര്‍ ഖുറൈഷി എന്നിവരും കുട്ടികളിലെ ലഹരി ഉപഭോഗം തുടക്കത്തില്‍തന്നെ കണ്ടെത്തുവാനും നിയന്ത്രിക്കുവാനും എന്തുചെയ്യണമെന്ന വിഷയത്തില്‍ ഡോ. അബ്ദുല്‍ അസീസും ക്ലസ്സെടുത്തു.

al yasin, saudi arabia

ഇന്റര്‍നാഷനല്‍ ഇന്ത്യൻ സ്‌കൂള്‍ വൈസ് പ്രിൻസിപ്പല്‍ മീരാ റഹുമാൻ മോഡറേറ്ററായ ഇന്ററാക്ടീവ് സെഷനിൽ റ്റോട്ട് ടീം അംഗങ്ങള്‍ അധ്യാപകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. അൽ യാസ്മിൻ പ്രിൻസിപ്പല്‍ റഹ്മത്തുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. റിസാ പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ.ഭരതൻ ‘റ്റോട്ട്’ പരിപാടിയുടെ വിശദാംശങ്ങള്‍ വിവരിച്ചു. സ്‌കൂള്‍ മാനേജര്‍ ഷനോജ്, അഡ്മിൻ അസിസ്റ്റന്റ് രഹ്‌ന ലത്തീഫ്, മീനാ ടീച്ചര്‍, റിസാ റിയാദ് ഭാരവാഹികളായ ജോര്‍ജുകുട്ടി മക്കുളത്ത്, നിസാര്‍ കല്ലറ, മുഹമ്മദ് ഷനൂബ്, സോണി കുട്ടനാട്, മുഹമ്മദ് ഷാജി തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ആശാ ചെറിയാൻ സ്വാഗതവും സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഇസ്രാര്‍ നന്ദിയും പറഞ്ഞു.

പരിശീലനം നേടിയ അധ്യാപകര്‍ മൊഡ്യൂളിന്റെ സഹായത്തോടെ എട്ടു മുതല്‍ പന്ത്രണ്ട് വരെ ഗ്രേഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്രാഥമിക പരിശീലനം നല്‍കുകയാണ് അടുത്തഘട്ടം (സ്റ്റെപ്-രണ്ട്). തുടര്‍ന്ന് റ്റോട്ട് റ്റീമിന്റെ പരിശീലനവും (സ്റ്റെപ്-മൂന്ന്) ഇവര്‍ക്കു ലഭ്യമാക്കും. ഇതോടെ സ്‌കൂള്‍തല ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ സജ്ജരാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook