റിയാദ്: റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ ) മുൻ സെക്രട്ടറിയും ദീഘകാലം ഭരണസമിതി അംഗവുമായിരുന്ന കെ.ആർ.രാജീവ് ഹരിപ്പാടിന്റെ ആകസ്മിക ദേഹവിയോഗത്തിൽ അനുശോചിച്ച് റിഫ സമ്മേളനം നടത്തി. പ്രസിഡന്റ് ജിമ്മി പോൾസൺ അധ്യക്ഷത വഹിച്ചു. നിബു വർഗ്ഗീസ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

സൗമ്യവും ദീപ്തവും ആത്മാർഥവുമായ പെരുമാറ്റം കൊണ്ട് പരിചയപ്പെടുന്ന ആരെയും സുഹൃത്താക്കാൻ രാജീവിനുള്ള കഴിവ് അപാരമായിരുന്നുവെന്ന് സംസാരിച്ചവർ പറഞ്ഞു. ആത്മാർഥതയുടെയും നിഷ്കളങ്കതയുടെയും കൂടുതൽ കൊണ്ട് പ്രവാസലോകത്ത് വലിയ നഷ്ടങ്ങൾ ഉണ്ടായ വ്യക്തിയായിരുന്നു രാജീവ്.

2006-ൽ റിഫയിൽ ചേർന്നതുമുതൽ റിഫ നടത്തിയിട്ടുള്ള എല്ലാ ചർച്ചാസമ്മേളനങ്ങളുടെയും പെയിന്റിങ്-വായന മത്സരങ്ങളുടെയും മറ്റ് സാമൂഹ്യ സാംസ്കാരിക പരിപാടികളുടെയും വിജയത്തിനുവേണ്ടി അനവരതം പ്രവർത്തിക്കുകയും ഊർജ്ജം പകരുകയും ചെയ്തിട്ടുള്ള മഹദ് വ്യക്തിയായിരുന്നു രാജീവ്. വായന മത്സരത്തിന്റെ കൺവീനർ എന്ന നിലയിൽ പ്രവർത്തിച്ച രാജീവ്, കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുവേണ്ടി അവിരാമം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കത്തക്കതാണ്.

റിയാദിലെ അവസാന വർഷങ്ങളിൽ തൊഴിൽപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ റിഫയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ലെങ്കിൽ പോലും തന്റെ കഴിവിന്റെ പരമാവധി പരിപാടികളുടെ വിജയത്തിനായി അദ്ദേഹം വളരെ വലിയ സംഭാവനകൾ നടത്തിയിട്ടുണ്ട്.

തുടർച്ചയായ ഹൃദയാഘാതങ്ങളെത്തുടർന്ന് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ബോധരഹിതനായി മാസങ്ങളോളം കിടന്ന രാജീവ് അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. രാജീവിനെ ചികിൽസിച്ച ഡോക്ടർമാർക്കും സഹായിച്ച മറ്റ് നഴ്‌സിങ് ജീവനക്കാർക്കും അതോടൊപ്പം തന്നെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും റിഫ അംഗങ്ങൾക്കും അനല്പമായ സന്തോഷമാണ് അദ്ദേഹം ബോധവും ആരോഗ്യവും വീണ്ടെടുത്തപ്പോൾ ഉണ്ടായത്. കിങ് സൗദ് ആശുപത്രിയിലെ ചികിത്സയും അതോടൊപ്പം തന്നെ വളരെ വിലകൂടിയ ഐ സി ഡി എന്ന ഉപകരണം കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നിന്നും നൽകിയതും തീർത്തും സൗജന്യമായിരുന്നു. അതിനെല്ലാം വേണ്ട സഹായസഹകരണങ്ങൾ ഡോക്ടർമാരും മറ്റു ജീവനക്കാരും നൽകിയത് നന്ദിപൂർവം സ്മരിക്കേണ്ടതാണ്. എല്ലാ സഹായവും ചെയ്യാൻ മുമ്പന്തിയിലുണ്ടായിരുന്ന തുളസീധരൻ പിള്ള, ഗോപൻ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.

എക്സിറ്റിൽ നാട്ടിൽ തിരിച്ചെത്തിയതിനുശേഷം അമൃത ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് തീർത്തും ആകസ്മികമായി ഹൃദയാഘാതം ഉണ്ടാവുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും റിഫയുടെ അഗാധമായ അനുശോചനം അറിയിച്ചു.

കെ.പി.ഹരികൃഷ്ണൻ, ജയശങ്കർ പ്രസാദ്, പ്രദീപ് മേനോൻ, രാജു ഫിലിപ്പ്, ഷീബ രാജു ഫിലിപ്പ്, റസൂൽ സലാം, സുലേഖ റസൂൽ സലാം, ബിജു മുല്ലശ്ശേരി ഷെറിൻ വർഗീസ്, ശ്രീകല പ്രസാദ്, ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. കെ.പി.ഹരികൃഷ്ണൻ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ