റിയാദ്: റിയാദ് ഇൻഡ്യൻ ഫ്രണ്ട്ഷിപ്പ് അസ്സോസിയേഷൻ (റിഫ)ഇഫ്താർ സംഗമവും “പൊളിച്ചെഴുതണോ പ്രവാസിക്ഷേമപദ്ധതികൾ ” എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചാ സമ്മേളനവും നടത്തി. കഴിഞ്ഞ വ്യാഴാഴ്ച അൽമാസ് അഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ റിയാദിലെ പ്രമുഖ സംഘടനാ നേതാക്കൾ പങ്കെടുത്തു. റിഫ പ്രസിഡന്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആർ മുരളീധരൻ വിഷയം അവതരിപ്പിച്ചു.

ജീവിതത്തിലെ ഏറ്റവും സക്രിയമായ കാലം മുഴുവൻ ഗൾഫിൽ ചെലവഴിച്ച്, വീട്ടുകാർക്കും സമൂഹത്തിനും സാമ്പത്തികാഭിവൃദ്ധി ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന പ്രവാസികൾക്ക് ജീവിതത്തിൻറെ സായന്തനത്തിൽ നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ശേഷമുള്ള കാലം മാന്യമായൊരു ജീവിതം നയിക്കുന്നതിനുവേണ്ട പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരുകൾ വിജയിച്ചില്ലന്ന് വിഷയമവതരിപ്പിച്ചുകൊണ്ട് ആർ മുരളീധരൻ പറഞ്ഞു.കേരളസർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രവാസി ക്ഷേമനിധിയും നോർക്ക റൂട്സും മികച്ചരീതിയിലല്ല പ്രവർത്തിക്കുന്നത്. ഉപാധികളുടെ കാർക്കശ്യം കൊണ്ട് അവയുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ല.കാലോചിതമായ പരിഷ്‌കാരങ്ങൾ രണ്ടെണ്ണത്തിലും വരുത്തേണ്ടതുണ്ട്. NDPREM (Norka Department Project for Return Emigrants) ത്തിൻറെയും വിദേശത്തെ ജയിലുകളിലുള്ള മലയാളികൾക്കുള്ള നിയമസഹായത്തിൻറെയും കാര്യത്തിൽ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ചുരുക്കം പദ്ധതികളിൽ ചിലത് ഗുണഭോക്താക്കളില്ലെന്ന കാരണത്താൽ അവസാനിപ്പിക്കുകയും ചെയ്യുകയാണ്. തീരെ സാധാരണക്കാരെ മുൻനിർത്തി കഴിഞ്ഞ സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജനയാണ് (MGPSY) ഈ സർക്കാർ ഉപേക്ഷിച്ചത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് രൂപീകരിച്ച പ്രവാസി ക്ഷേമവകുപ്പ് തന്നെ ഈ സർക്കാർ ഇല്ലാതാക്കിയതും പ്രവാസിക്ഷേമത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കാത്തതും ഉള്ളവതന്നെ ഒന്നൊന്നായി നിർത്തലാക്കുകയും ചെയ്യുന്നത് പ്രവാസിക്ഷേമത്തിൻറെ കാര്യത്തിൽ സർക്കാരിന് യാതൊരുവിധ താല്പര്യവുമില്ലന്നത്തിൻറെ നല്ല ഉദാഹരണങ്ങളാണെന്ന് ആർ മുരളീധരൻ പറഞ്ഞു.

വ്യത്യസ്ഥ ശ്രേണി കളിൽ പെട്ട പ്രവാസികൾക്ക് പ്രയോജനപ്രദമാകുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കേണ്ടതെന്ന് സലിം മാഹി (പ്രവാസി സാംസ്കാരികവേദി ) പറഞ്ഞു. ഇടതുപക്ഷസർക്കാരുകളാണ് പ്രവാസിക്ഷേമ പദ്ധതികൾ കൊണ്ടുവന്നതെന്നും പോരായ്മകളുണ്ടെങ്കിലും അവ നടപ്പാക്കുന്നതിൽ പ്രവാസിസംഘടനകൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് സുധീർ കുമ്മിൾ (റിയാദ് നവോദയ ) പറഞ്ഞു. പ്രവാസിക്ഷേമ കാര്യങ്ങളിൽ സംഘടനകൾ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കേണ്ടതാണെന്നും സർക്കാർ അവരുടെ പദ്ധതികളുടെ സഹായിമാത്രമാണെന്നും ദീപക് (സമന്വയ )പറഞ്ഞു. റസൂൽ സലാം, രാജു ഫിലിപ്പ് ഷീബ രാജു ഫിലിപ്പ്, അഡ്വ .റജി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കെ പി ഹരികൃഷ്ണൻ സ്വാഗതവും നിബു മുണ്ടിയാപ്പള്ളി നന്ദിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook