റിയാദ്: സംഘടനയുടെ അന്തരിച്ച മുൻ സെക്രട്ടറിയും ദീർഘകാലം ഭരണസമിതി അംഗവുമായിരുന്ന അഹമ്മദ് മേലാറ്റൂരിനെ റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ ) അനുസ്മരിച്ചു. യോഗത്തിൽ റിഫ പ്രസിഡന്റ് ജിമ്മി പോൾസൺ അധ്യക്ഷനായിരുന്നു. ജേക്കബ് കരത്ര അനുശോചനപ്രമേയം വായിച്ചു.

1997-ൽ റിഫ തുടങ്ങിയ കാലം മുതൽ സംഘടനയുടെ അംഗമാവുകയും പിന്നീട് സെക്രട്ടറി, ട്രഷറർ തുടങ്ങി നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത അഹമ്മദ് മേലാറ്റൂർ എക്കാലവും സംഘടനയുടെ അഭ്യുദയകാംക്ഷി ആയിരുന്നെന്ന് ജിമ്മി പോൾസൺ പറഞ്ഞു. റിഫയിൽ നിന്നും സ്വായത്തമാക്കിയ ചിട്ടയായ പ്രവർത്തനവും നേതൃപാടവവും പിൽക്കാലത്ത് തനിക്ക് മറ്റു സംഘടനാ വേദികളിൽ പ്രയോജനകരമായെന്ന കാര്യം അഹമ്മദ് എന്നും നന്ദിയോടെ സ്മരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സംഘടന നടത്തിയ എല്ലാ സാമൂഹ്യ സാംസ്കാരിക പരിപാടികളിലും അഹമ്മദും ഭാര്യ നിഷയും മക്കളും പങ്കെടുത്തിരുന്നു. യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന അഹമ്മദ് റിഫ സംഘടിപ്പിച്ചിരുന്ന എല്ലാ യാത്രാസംഘങ്ങളിലെയും നിറസാന്നിധ്യമായിരുന്നു. അഹമ്മദിന്റെ വിയോഗം റിഫയ്ക്ക് മാത്രമല്ല മൊത്തം മലയാളി പൊതുസമൂഹത്തിനുമാണെന്നും ജിമ്മി പറഞ്ഞു.

എഴുത്തും വായനയും ഗൗരവതരമായ ഒരു സപര്യയായി കണക്കാക്കിയിരുന്ന കാര്യം നസീർ കൊല്ലിയാത്ത് പറഞ്ഞു. പരന്ന വായനയുടെ ഉടമയായിരുന്നു അഹമ്മദ്. ദിവസേന ഒരു കവിതയെങ്കിലും അദ്ദേഹം എഴുതി സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമായിരുന്നു. പ്രണയവും വിരഹവുമായിരുന്നു അഹമ്മദിന്റെ ഇഷ്ടവിഷയങ്ങൾ.

മതേതരത്വം പ്രസംഗത്തിൽ മാത്രമല്ല, പ്രവൃത്തിയിലും കാണിച്ചുകൊടുത്ത വ്യക്തിയായിരുന്നു അഹമ്മദ് മേലാറ്റൂരെന്ന് റസൂൽ സലാം പറഞ്ഞു. സ്വന്തം മകൻ അന്യമതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന അഭ്യർഥന നടത്തിയപ്പോൾ ഒരെതിർപ്പും കൂടാതെ മകന്റെ ആവശ്യം അംഗീകരിച്ച് ആ വിവാഹം നടത്തിക്കൊടുത്ത് അദ്ദേഹം മാതൃകയായി.

അഹമ്മദിന്റെ മരണം വലിയൊരാഘാതമാണ് തന്നിലേൽപ്പിച്ചതെന്നും അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ തനിക്കിതേവരെ കഴിഞ്ഞിട്ടില്ലെന്നും വിജയകുമാർ പറഞ്ഞു. ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ തങ്ങൾ തമ്മിൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അത് വ്യക്തിപരമായ സൗഹൃദത്തെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. യോജിപ്പിന്റെ മേഖലകൾ കണ്ടെത്തിക്കൊണ്ടിരുന്ന അവസരത്തിലാണ് ആകസ്മിക മരണം സംഭവിക്കുന്നത്.

ഇടതുപക്ഷ പുരോഗമന ആശയങ്ങൾ എക്കാലവും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അഹമ്മദ് മേലാറ്റൂരെന്ന് ആർ.മുരളീധരൻ പറഞ്ഞു. സംഘടനാ നടത്തിയിട്ടുള്ള ചർച്ചാസമ്മേളനങ്ങളിൽ തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം വിശകലനം നടത്തിയിരുന്നു. നിരവധി വിഷയങ്ങൾ പ്രതിമാസ ചർച്ചാസമ്മേളനങ്ങളിൽ അഹമ്മദ് അവതരിപ്പിച്ചിരുന്നു. ഓരോ ചർച്ചയുടെ അവസാനത്തിലും നിശിതമായ അവലോകങ്ങളും അഹമ്മദ് നടത്തിയിരുന്നു.

2006-07 കാലയളവിൽ സെക്രട്ടറിയായിരുന്ന കാലത്താണ് റിഫ നടത്തിയ വായനമത്സരങ്ങൾ സൗദി അറേബ്യായുടെ 13 പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കാനും കുറ്റമറ്റ രീതിയിൽ പരീക്ഷകൾ നടത്താനും കഴിഞ്ഞത്. ആയിരത്തിനുപുറത്ത് കുട്ടികൾ പങ്കെടുത്തിരുന്ന പെയിന്റിങ് മത്സരം പോലുള്ള പരിപാടികളും പ്രൊഫഷണൽ രീതിയിൽ നടത്താൻ അഹമ്മദിനായി.

ഷീബ രാജു ഫിലിപ്പ്, ഷൈല ജലീൽ, നസീർ കൊല്ലിയാത്ത്, വിജയകുമാർ, ജയശങ്കർ പ്രസാദ്, ജലീൽ പെരിഞ്ഞനം, രാജു ഫിലിപ്പ്, ജോർജ്ജ് തരകൻ, ഹരിദാസ് പരപ്പൂൾ എന്നിവരും അനുശോചിച്ച് സംസാരിച്ചു. കെ.പി.ഹരികൃഷ്ണൻ സ്വാഗതവും നിബു വർഗീസ് നന്ദിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook