റിയാദ്: വെസ്റ്റേൺ യൂണിയൻ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും സിറ്റി ഫ്ലവർ റണ്ണർ അപ് ട്രോഫിക്ക് വേണ്ടിയും റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തിയ ‘എ’ ഡിവിഷൻ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ അറേബ്യൻ കാർഗോ അസീസിയ സോക്കർ വിജയികളായി. രണ്ടാം സ്ഥാനം ഐബി ടെക് ലാന്റേൺ എഫ്സിയും ഫെയർ പ്ലേയ് ടീം ആയി യൂത്ത് ഇന്ത്യ ഇലവനെയും തിരഞ്ഞെടുത്തു.

അവസാന ആഴ്ചയിൽ നടന്ന ആദ്യ മത്സരത്തിൽ അസീസിയ സോക്കർ രണ്ടിനെതിരെ അഞ്ചു ഗോളുകൾ നേടി വിജയം കരസ്ഥമാക്കി. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങി പുറകിലായി അസീസിയ അവസാന പതിനഞ്ചു മിനിറ്റിലാണ് എല്ലാ ഗോളുകളും നേടി മത്സരം കൈപ്പിടിയിലാക്കിയത്. വാശിയേറിയ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടി റിയൽ കേരള വിജയികളായി.

മൂന്നാമത്തെ മത്സരത്തിൽ എ ഡിവിഷൻ ചാംപ്യൻ ആകുമെന്ന് പ്രതീക്ഷിച്ച ഐബി ടെക് ലാന്റേൺ എഫ്സി ആക്രമിച്ചു കളിച്ചെങ്കിലും ലിയാ സ്പോർട്ടിങ് യുണൈറ്റഡ് എഫ്സി സമനിലയിൽ തളച്ചു. സ്‌കോർ 2 – 2. നാലാമത്തെ മത്സരം റെയിൻബോ സോക്കറും റോയൽ റിയാദ് സോക്കറും തമ്മിൽ ആയിരുന്നു. ഇരു ടീമുകളും വിജയത്തിനായി കളിച്ചെങ്കിലും 1 – 1 എന്ന സമനിലയിൽ പിരിഞ്ഞു. ആസിഫ് (അസീസിയ്യ സോക്കർ), സുൽഫി (റിയൽ കേരള), ശൗലിക് (യുണൈറ്റഡ് എഫ് സി) ജോബി (റോയൽ റിയാദ് സോക്കർ) എന്നിവരെ ഓരോ കളിയിലെയും മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനും ടോപ് സ്കോററും ആയി അസീസിയ്യ സോക്കറിന്റെ മനാഫും ഏറ്റവും നല്ല ഫോർവേഡ് ആയി ജോബി (റോയൽ റിയാദ് സോക്കർ) ഏറ്റവും നല്ല മിഡ് ഫീൽഡർ അഷ്‌ഹദ് കുട്ടു (റിയൽ കേരള എഫ് സി) ഏറ്റവും നല്ല ഡിഫൻഡർ ശൗലിക് (യുണൈറ്റഡ് എഫ് സി) ഏറ്റവും നല്ല ഗോൾ കീപ്പർ ഫെസ്‌ബിൽ (ഐ ബി ടെക് ലാന്റേൺ എഫ് സി) എന്നിവരെ തെരഞ്ഞെടുത്തു. പൗരപ്രമുഖനും സഹ്‌റാനി സ്പോർട്സ് മാനേജരുമായ ഫറജ് അൽ സഹ്‌റാനി മുഖ്യാതിഥി ആയിരുന്നു.

സമാപന പരിപാടിയിൽ ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തുർ, ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം, നവാസ് പത്തനാപുരം, ബഷീർ ചേലേമ്പ്ര, നാസർ മാവൂർ, മുജീബ് ഉപ്പട, റാഫി പാങ്ങോട്, സൈഫു കരുളായി, ജുനൈസ് വാഴക്കാട്, ബഷീർ കാരന്തുർ, നവാസ് കണ്ണൂർ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ബഷീർ ചേലേമ്പ്ര അധ്യക്ഷനായ സമാപനച്ചടങ്ങിൽ ജുനൈസ് സ്വാഗതവും സൈഫ് കരുളായി നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ