scorecardresearch
Latest News

17 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹാനിയും ഉമ്മയും കണ്ടു; യാഥാര്‍ഥ്യമാക്കിയത് പാക്കിസ്ഥാന്‍ സ്വദേശി

സുഡാനില്‍ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച സുഡാന്‍ സ്വദേശിയായ പിതാവ് 17 വര്‍ഷം മുന്‍പ് കൂട്ടികൊണ്ടുപോയതോടെയാണ് ഉമ്മയില്‍നിന്നും സഹോദരിമാരില്‍നിന്നും ഹാനി വേര്‍പ്പെട്ടത്

17 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹാനിയും ഉമ്മയും കണ്ടു; യാഥാര്‍ഥ്യമാക്കിയത് പാക്കിസ്ഥാന്‍ സ്വദേശി

ഷാര്‍ജ: അവന് മലയാളം അറിയില്ല, മലയാളിയായ ഉമ്മയ്ക്ക് അറിയാത്ത അറബിയും ഇംഗ്ലീഷുമാണ് അവന്‍ സംസാരിക്കുന്നത്. കരഞ്ഞു തളര്‍ന്ന കാത്തിരിപ്പിനൊടുവില്‍ കാലം ഇരുവര്‍ക്കുമിടയിലെ ഭാഷയെയും മാറ്റിയിരുന്നു. എന്നാല്‍ മാതൃത്വമെന്ന സാര്‍വലൗകിക ഭാഷയ്ക്കു മുമ്പില്‍ എല്ലാ അതിര്‍വരമ്പുകളും അപ്രസക്തമാകുകയായിരുന്നു. ഭൂഖണ്ഡങ്ങളുടെ അകലം നീന്തിക്കയറിയ പ്രതീതി… പതിനേഴു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടെന്നു കരുതിയ മകനെ നെഞ്ചോട് ചേര്‍ത്തു ഉമ്മ വിതുമ്പി; മകനും. വര്‍ഷങ്ങള്‍ നീണ്ട വിരഹ വേദന മാതൃത്വത്തിന്റെ ആലിംഗനത്തില്‍ അലിഞ്ഞില്ലാതായി.

Credit Khaleej Times

കോഴിക്കോട് നരിക്കുനി സ്വദേശി നൂര്‍ജഹാനും മകന്‍ സുഡാന്‍ സ്വദേശി ഹാനിയുമാണ് 17 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയത്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളമാണ് ഈ അപൂര്‍വ പുനഃസംഘമത്തിനു വേദിയായത്. ഇതിനു സാക്ഷികളായി സന്തോഷാശ്രുക്കളുമായി സഹോദരി സമീറയുടെയും പാക്കിസ്ഥാന്‍ സ്വദേശി തല്‍ഹ ഷായുമടക്കം കുറെ കണ്ണുകള്‍ ചുറ്റും. വെള്ളിയാഴ്ച രാവിലെയാണ് നൂര്‍ജഹാന്‍ തന്റെ ഏകമകന്‍ ഹാനിയെ കാണാന്‍ കോഴിക്കോട്ടു നിന്നും ഷാര്‍ജയില്‍ വന്നിറയത്. നാലാം വയസ്സില്‍ പിതാവിന്റെ കൈപിടിച്ച് കോഴിക്കോട് വിട്ട മകന്‍ തൊട്ടുമുന്നില്‍. കാലം അവന് രൂപമാറ്റം വരുത്തിയിരുന്നെങ്കിലും കണ്ട മാത്രയില്‍ മുന്നോട്ടുചെന്ന് ഉമ്മ മകനെ ആലിംഗനം ചെയ്തു; ഇനിയാര്‍ക്കും തന്റെ പൊന്നുമകനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച്.

സുഡാനില്‍ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച സുഡാന്‍ സ്വദേശിയായ പിതാവ് 17 വര്‍ഷം മുന്‍പ് കൂട്ടികൊണ്ടുപോയതോടെയാണ് ഉമ്മയില്‍നിന്നും സഹോദരിമാരില്‍നിന്നും ഹാനി വേര്‍പ്പെട്ടത്. കുടുംബ ജീവിതത്തിലെ അഭിപ്രായ വിത്യാസങ്ങളായിരുന്നു കാരണം. അന്ന് ഹാനി നടക്കാവിലെ നഴ്‌സറിയില്‍ പഠിക്കുകയായിരുന്നു. അതോടെ നാടുമായി ബന്ധം അറ്റു. വര്‍ഷങ്ങള്‍ക്കുശേഷം ഉമ്മയുടെ ഫോട്ടോയും ജനന സര്‍ട്ടിഫിക്കറ്റും മറ്റും കണ്ടെടുത്ത ഹാനി ഇത് സുഡാന്‍ സന്ദര്‍ശിച്ച മലയാളികളുമായി പങ്കുവെച്ചു. സുഡാന്‍ യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്ന എന്ന വിവരം അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് ഉമ്മക്കും സഹോദരങ്ങള്‍ക്കും ഹാനിയെ തിരിച്ചു കിട്ടാന്‍ വഴിയൊരുങ്ങിയത്. ഇതു കണ്ട ഹാനിയുടെ ഉമ്മയുടെ ബന്ധു ബന്ധപ്പെടുകയും ഇക്കാര്യം ദുബായില്‍ ജോലി ചെയ്യുന്ന ഹാനിയുടെ സഹോദരി നൂര്‍ജഹാനെ അറിയിക്കുകയുമായിരുന്നു. ഹാനിയെ തേടിയാണ് സമീറ ദുബായില്‍ ജോലിക്കെത്തിയിരുന്നത്.

കഴിഞ്ഞ മാസം സമീറയും ഹാനിയും ഷാര്‍ജയില്‍ ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ പിതാവ് അറിയാതെയാണ് ഹാനിയെ ഷാര്‍ജയില്‍ എത്തിച്ചത്. തുടര്‍ന്ന് ഉമ്മയെ കാണാനുള്ള അതിയായ ആഗ്രഹം ഹാനി വെളിപ്പെടുത്തി. ഹാനിയുമായി ഉമ്മ ഫോണില്‍ സംസാരിക്കാനും തുടങ്ങി. വിസിറ്റ് വിസയിലെത്തിയ ഹാനിക്ക് ഷാര്‍ജയില്‍ ഒരു ജോലി കണ്ടെത്തിക്കൊടുക്കുക എന്നതായിരുന്നു സമീറയ്ക്ക് ആദ്യം ചെയ്യാനുണ്ടായിരുന്നത്. ഹാനിയുടെ കഥ കേട്ട് നിരവധി ഓഫറുകള്‍ വന്നു. ഒടുവില്‍ ഷാര്‍ജയില്‍ ഒരു ടൈപ്പിംഗ് സെന്ററില്‍ ജോലി തെരഞ്ഞെടുത്തു. എന്നാല്‍ ഹാനിക്ക് ഇന്ത്യയിലേക്കു വരാന്‍ താല്‍ക്കാലിക തടസ്സങ്ങളുള്ളതിനാല്‍ ഉമ്മയെ ഷാര്‍ജയിലെത്തിക്കുകയായിരുന്നു.

Credit Khaleej Times

ഉമ്മയുടെയും മകന്റെയും പുനഃസമാഗമം യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ ഒരു പാക്കിസ്ഥാന്‍കാരന്റെ സഹായവുമുണ്ട്. യുഎഇ പത്രമായ ഖലീജ് ടൈംസില്‍ സമീറയുടേയും ഹാനിയുടെയും പുനഃസമാഗമ വാര്‍ത്ത വായിച്ച ദുബായിലെ പാക്കിസ്ഥാന്‍ ബിസിനസുകാരന്‍ തല്‍ഹ ഷായാണ് ഉമ്മയെ ഇവിടെ എത്തിക്കാനുള്ള സഹായം നല്‍കിയത്. വാര്‍ത്ത വായിച്ചതു മുതല്‍ ഹാനിയേയും ഉമ്മയേയും ഒന്നിപ്പിക്കാന്‍ ഉടന്‍ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു തല്‍ഹ. ഹാനിക്ക് ഒരു ജോലി ശരിയാക്കിക്കൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. അപ്പോഴേക്കും അവന് ജോലി ശരിയായി. അപ്പോൾ ഉമ്മയെ നാട്ടില്‍ നിന്നും ഇവിടെ എത്തിക്കാനുള്ള എല്ലാ സഹായവും ചെയ്യാമെന്നേറ്റു. ഇതൊക്കെ മാനവികത മാത്രമാണെന്നും ഇന്ത്യ പാക്കിസ്ഥാന്‍ വേർതിരിവുകളൊന്നുമില്ലെന്നും തല്‍ഹ പറയുന്നു. ഉമ്മക്കു നല്‍കാനായി വിവിധ വര്‍ണ്ണപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ പൂച്ചെണ്ടുമായാണ് തല്‍ഹ വിമാനത്താവളത്തില്‍ എത്തിയത്.

നൂര്‍ജഹാന്റെ കേരളത്തിനു പുറത്തേക്ക് ആദ്യയാത്രയാണിത്. അത് തന്നെ സ്വപ്‌ന തുല്യമായി. ഈ വര്‍ഷങ്ങളത്രയും അവനെന്തൊക്കെയാണ് അനുഭവിച്ചിട്ടുണ്ടായിരിക്കുക എന്ന ആധിയാണ് നൂര്‍ജഹാന്റെ ഉള്ളില്‍ ഇപ്പോഴും. ഇതൊക്കെ സംഭവിക്കുന്നുവെന്ന് ഇപ്പോഴും അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. സഹായിച്ച് കൂടെ നിന്ന എല്ലാവരും എപ്പോഴും തന്റെ പ്രാര്‍ത്ഥനകളില്‍ ഉണ്ടാകുമെന്നാണ് ആ ഉമ്മയ്ക്ക് പറയാനുള്ളത്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Reunion of indian mother with son after 17 years

Best of Express