സലാല: ഒമാനിൽ നിന്ന് പുറത്തേക്കു അയക്കുന്ന പണത്തിനു നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ശൂറാ കൗൺസിലിൽ ആവശ്യമുയർന്നു. കള്ളപ്പണത്തിനു നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള തീരുമാനത്തിന്റെ ഭാഗമായി വിദേശ ജീവനക്കാരുടെ വരുമാനവും അവർ അവരവരുടെ രാജ്യത്തേക്ക് അയ‌ക്കുന്ന പണവും നിരീക്ഷിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് മാൻ പവർ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ കണക്കനുസരിച്ചു 2016 നവംബറിൽ രാജ്യത്തു 18,45,384 വിദേശ ജീവനക്കാരാണുള്ളത്. ഇതിൽ 6,91,755 പേർ ഇന്ത്യക്കാരാണ്. സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ കണക്കുകൾ അനുസരിച്ചു പ്രതിവർഷം 707 ബില്യൺ രൂപയാണ് ഒമാനിൽ നിന്ന് പുറത്തേക്കു അയക്കുന്നത്. ഇതിൽ കള്ളപ്പണവും ഉണ്ടെന്നാണ് സൂചന.

വിദേശ ജീവനക്കാരുടെ തൊഴിൽ കരാറും കരാറിൽ രേഖപ്പെടുത്തിയിരിക്കുന്ന ശമ്പളത്തിന്റെ വിശദാംശങ്ങളും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. വൻകിട കമ്പനികൾ ഭൂരിഭാഗവും ചെറുകിട കമ്പനികളിൽ പകുതിയും രേഖകൾ നൽകിയതായാണ് സൂചന. മാർച്ചു മാസത്തോടെ ശമ്പളത്തേക്കാൾ കൂടിയ തുക അവരവരുടെ മാതൃരാജ്യങ്ങളിലേക്കു അയക്കുന്നവരിൽ നിന്ന് വിശദീകരണം തേടാനാണ് സാധ്യത.

ശമ്പള കരാറിൽ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാൾ കൂടിയ തുക അയച്ചാൽ അത് കള്ളപ്പണമായാണ് കണക്കാക്കുക. ഇത്തരത്തിൽ കള്ളപ്പണം അയക്കുന്നവർക്കു എതിരെ പിഴ ചുമത്തുകയാണോ അതോ മറ്റു ശിക്ഷാ നടപടികൾ എടുക്കുകയാണോ ചെയ്യുക എന്ന് വ്യക്തമായിട്ടില്ല.

ചെറുകിട കർഷകരും ചെറുകിട വ്യാപാരികളും പ്രതിമാസം രണ്ടുലക്ഷത്തോളം രൂപ അയക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് മാൻപവർ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ ഇവർക്കാണ് പിടി വീഴുക.

അതേസമയം, പണമയക്കുന്നവരുടെ വ്യക്തമായ രേഖകളും സാമ്പത്തിക സ്രോതസ്സിന്റെ രേഖകളും തങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ സബ്സിഡിയറി കമ്പനിയായ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

വാർത്ത അയച്ചത്: ബിജു കേളോത്ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ