ജിദ്ദ: “രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന സന്ദേശമുയർത്തിപിടിച്ച് റിപ്പബ്ലിക് ദിനത്തിൽ ജിദ്ദയിൽ മനുഷ്യ ജാലിക തീർത്തു. എസ്കെഎസ്എസ്എഫ് ഇന്ത്യക്ക് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ജാലികയാണ് ജിദ്ദയിലും നടന്നത്. വിഖായ പ്രവർത്തകരും, മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, രംഗത്തെ പ്രമുഖരുമടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

‌ജിദ്ദ ഇസ്ലാമിക് സെന്റർ, എസ്‌വൈഎസ്, എസ്കെഐസി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സയ്യിദ് സഹൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാരി ഹുദവി അധ്യക്ഷം വഹിച്ച പരിപാടിയില്‍ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹാഫിൾ ജാഫര്‍ വാഫി പ്രമേയ പ്രഭാഷണം നടത്തി. രാജ്യത്തെ വ്യവസ്ഥാപിത സംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ട് വിട്ടുവീഴ്ച ചെയ്യാതെ ജനാധിപത്യ മതേതര ചേരിയെ ശക്തിപ്പെടുത്താനുള്ള സന്ദേശമാണ് മനുഷ്യ ജാലിക കൈമാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അബൂബക്കർ അരിമ്പ്ര, കെ.ടി.എ.മുനീർ, എന്നിവർ സംസാരിച്ചു. ഉസ്മാന്‍ എടത്തില്‍ മോഡറേറ്റര്‍ ആയിരുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ ഉയരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ചെറുക്കുന്നതിന് ഓരോ ഇന്ത്യക്കാരും ശ്രമിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സവാദ് പേരാമ്പ്ര സ്വാഗതവും അബ്ദുല്‍ഹകീം വാഫി നന്ദിയും പറഞ്ഞു. അബൂബക്കര്‍ ദാരിമി ആലമ്പാടി, അബ്ദുള്ള കുപ്പം, കരീം ഫൈസി, നൗഷാദ് അൻവരി, ദില്‍ഷാദ്, മൊയ്തീന്‍ കുട്ടി അരിമ്പ്ര തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook