റിയാദ്​​: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 69-ാം വാർഷികദിനം സൗദിയിലെ ഇന്ത്യൻ മിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. റിയാദ്​ ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ ഒമ്പതിന് അംബാസഡർ അഹമ്മദ്​ ജാവേദ്​ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക്​ തുടക്കമായി.​ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്​മാൻ ശൈഖ് പതാക ഉയർത്തി. ആഘോഷപരിപാടിയിൽ അഭൂതപൂർവമായ ജനത്തിരക്കാണ്​ ഇത്തവണ അനുഭവപ്പെട്ടത്​.

ശീതകാലമായിട്ടും ഡിപ്ലോമാറ്റിക്​ ക്വാർട്ടറിലെ എംബസിയിലേക്ക് അതിരാവിലെ മുതൽ വിവിധ തുറകളിൽ നിന്നുള്ള​ ഇന്ത്യക്കാർ പ്രവഹിക്കുകയായിരുന്നു. 250 ഇരിപ്പിടങ്ങളുള്ള എംബസി ഓഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയ 1,100 ഓളം ആളുകളെ അംബാസഡർ അഭിസംബോധന ചെയ്​തു. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദി​ന്റെ സന്ദേശം അദ്ദേഹം വായിച്ചു. പ്രവാസി ഭാരതീയ ദിവസ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷവും ഈ വർഷവും റിയാദിലെ എംബസിയിൽ നടന്ന പരിപാടിയിൽ പ്രഭാഷണം നടത്തിയവർ, ടൂറിസം ഫെസ്​റ്റിവൽ ഓൺലൈൻ ക്വിസ്​ മൽസരത്തിൽ വിജയിച്ചവർ, എംബസി സംഘടിപ്പിച്ച ഇന്തോ സൗദി വാസ്​തു പൈതൃക ഫോ​ട്ടോ, ചിത്ര പ്രദർശനത്തിൽ പ​ങ്കെടുത്ത ഫോ​ട്ടോഗ്രാഫർമാർ, ചിത്രകാരന്മാർ തുടങ്ങിയവർക്കും എംബസി വോളന്റിയർമാർക്കും ചടങ്ങിൽ അംബാസഡർ പ്രശംസാ പത്രം സമ്മാനിച്ചു.

ജിദ്ദ കോൺസുലേറ്റിലെ ആഘോഷ പരിപാടിയിൽ 700 ഓളം ആളുകൾ പ​ങ്കെടുത്തു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്​മാൻ ഷെയ്ഖ് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. അദ്ദേഹവും ഈ വർഷത്തെ പത്മശ്രീ പുരസ്കാരം ലഭിക്കുന്ന ആദ്യ സൗദി വനിതയും സൗദി യോഗ ഫൗണ്ടേഷൻ സ്ഥാപകയുമായ നൗഫ് അൽമർവായും ചേർന്ന്​ കേക്ക്​ മുറിച്ചു. കോൺസൽ ജനറലിന്റെ പത്നി ഡോ. നസ്നീൻ റഹ്​മാൻ വനിതാ വിഭാഗത്തിൽ കേക്ക് മുറിച്ചു. എംബസിയിലും കോൺസുലേറ്റിലും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു. എംബസിയിലെ ചടങ്ങിൽ ഡിസിഎം ഡോ.സുഹൈൽ അജാസ്​ ഖാൻ, വെൽഫെയർ കോൺസൽ അനിൽ നൊട്യാൽ, പൊളിറ്റിക്കൽ ആന്റ്​ കൾച്ചറൽ സെക്രട്ടറി ഹിഫ്​സുറഹ്​മാൻ തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കോൺസുലേറ്റിലെ ചടങ്ങിൽ ഡപ്യൂട്ടി കോൺസുൽ ജനറൽ ഷാഹിദ് ആലം, പത്​നി ഡോ.ഷക്കീല ഷാഹിദ് ആലം എന്നിവർ സംബന്ധിച്ചു.

അംബാസഡർ വിരുന്ന്​ സൽക്കാരം നടത്തി

ഇന്ത്യൻ റിപ്പബ്ലിക്​ ദിനം പ്രമാണിച്ച്​ അംബാസഡർ അഹമ്മദ്​ ജാവേദ്​ തുഖൈവ്​ പാലസിൽ ഒരുക്കിയ വിരുന്നിൽ റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്​ കേക്ക്​ മുറിക്കുന്നു

റിയാദ്​: ഇന്ത്യൻ റിപ്പബ്ലിക്​ ദിനം പ്രമാണിച്ച്​ അംബാസഡർ അഹമ്മദ്​ ജാവേദും പത്​നി ശബ്​നം ജാവേദും സൗദി ഭരണാധികാരികൾക്കും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർക്കും നയതന്ത്ര ഉദ്യോഗസ്​ഥർക്കും വിവിധ രംഗങ്ങളിൽ നിന്ന്​ ക്ഷണിക്കപ്പെട്ടവർക്കും അത്താഴ വിരുന്ന്​ നൽകി. റിയാദ്​ ഡിപ്ലോമാറ്റിക്​ ക്വാർട്ടറിലെ തുവൈഖ്​ പാലസിൽ നടന്ന ചടങ്ങിൽ റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ്​ കേക്ക്​ മുറിച്ചു. സദസിനെ അഭിസംബോധന ചെയ്​ത അംബാസഡർ അഹമ്മദ്​ ജാവേദ്​ വാരാന്ത്യ അവധിദിനമായിട്ടും ഇന്ത്യയുടെ ദേശീയ ദിനാഘോഷത്തിൽ പ​ങ്കെടുക്കാൻ എത്തിച്ചേർന്ന ഗവർണറെ കൃതജ്ഞത അറിയിച്ചു. എംബസി ഡപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ ഡോ.സുഹൈൽ അജാസ്​ ഖാൻ സംബന്ധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook