റിയാദ്: സൗദി അറേബ്യയിലെ സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആഹ്ളാദം കൊള്ളിച്ച വാര്‍ത്തയും ദൃശ്യങ്ങളുമായിരുന്നു പൗരാണിക നഗരമായ അല്‍-ഉലയില്‍നിന്ന് ഇന്നലെ ഉച്ചയോടെ പുറത്തുവന്നത്. ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, സൗദി സമയം രാവിലെ പത്തോടെ സ്വദേശത്തുനിന്ന് തിരിച്ചുവെന്ന വാര്‍ത്ത വന്ന തുടങ്ങിയത് മുതല്‍ പലരും ടെലിവിഷൻ ചാനലുകള്‍ക്ക് മുന്നിലായിരുന്നു.
കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ, അമീര്‍ വിമാനത്തിൽനിന്ന് പുറത്തിറങ്ങുമ്പോള്‍ ഹസ്തദാനം ഉണ്ടാകില്ലെന്നാണ് പൊതുവെ കരുതപ്പട്ടെത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമീര്‍ ഇരു കൈകളും നീട്ടി നെഞ്ചുവിരിച്ച് സൗദി കിരീടാവകാശിയെ ഹൃദയത്തോടെ ചേര്‍ത്തു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനവും പ്രാര്‍ത്ഥനയും പ്രവഹിച്ചു. അറബ് ലോകത്താകെയും വിശിഷ്യാ സൗദിയിലും ഖത്തറിലും ഐക്യത്തിന്റെ പുതിയ ചുവട്വയ്പ് വന്‍ ചലനം സൃഷ്ടിച്ചു. സൗദിയില്‍ പലയിടങ്ങളിലും ഭരണാധികാരികളുടെ ഫോട്ടോയും രാജ്യത്തിന്റെ കൊടികളുമായി യുവാക്കള്‍ തെരുവുകള്‍ സജീവമാക്കി.
Also Read: മുത്തം കൊടുത്ത് സൗദി, വാരിപ്പുണര്‍ന്ന് ഖത്തര്‍; ഐതിഹാസിക നിമിഷങ്ങള്‍ക്കു സാക്ഷിയായി ലോകം
ഇരു രാജ്യങ്ങളിലെയും സ്വദേശികളും വിദേശികളും ഉള്‍പ്പടെയുള്ള സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഗുണപരമായ മാറ്റങ്ങള്‍ക്കു സാധ്യത തെളിയുന്നതാണ് ഉപരോധം ഉള്‍പ്പടെയുള്ള നിയന്ത്രങ്ങള്‍ നീക്കുന്ന തീരുമാനങ്ങള്‍. വ്യോമ, ജല, കര പൂര്‍ണമായും തുറക്കുന്നതോടെ വാണിജ്യ രംഗത്ത് വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടാകും. ഖത്തറില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പുണ്യ നഗരികളായ മക്ക-മദീനയുള്പ്പടെയുള്ള നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ കാത്തുനില്‍ക്കുന്നത്. ഈ പ്രതിസന്ധിക്കും പരിഹാരമാകുകയാണ്.
അതിര്‍ത്തി പങ്കിടുന്ന ഇരു രാജ്യങ്ങളുടെയും മാര്‍ക്കറ്റുകള്‍ ഇനി സജീവമാകും. ഇവിടങ്ങളില്‍ ഉപരോധത്തിനു ശേഷം വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സംരംഭകരും തൊഴിലാളികളും നേരിട്ടിരുന്നത്. ഭക്ഷണം ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പാടെ നിലച്ചിരുന്നു. വരും ദിവസങ്ങളില്‍ ഈ മേഖലക്കെല്ലാം ജീവന് വയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Also Read: സൗദിയില്‍ ഇഖാമ ഇനി മൊബൈലിലും സൂക്ഷിക്കാം
കോവിഡ് യാത്രാ പ്രതിസന്ധിക്കു ശേഷം വ്യോമ താഗതം സാധാരണ നിലയില്‍ പുനഃസ്ഥാപിക്കുമ്പോള്‍ ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനങ്ങള്‍ സൗദിയുടെ രാജ്യാന്തര വിമാത്താവളങ്ങളില്നിന്ന് കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളിലേക്കു പറന്നു തുടങ്ങും. അങ്ങനെ ഒട്ടേറെ ഗുണപരമായ മാറ്റങ്ങള്‍ക്കും സാധ്യതകള്‍ക്കുമാണ് പുതിയ നീക്കം വഴിയൊരുക്കുക
നാല്പത്തി ഒന്നാമത് ഉച്ചകോടിയാണ് ഇന്നലെ സൗദി അറേബ്യയില്‍ നടന്നത്. എന്നാല്‍ ഇതാദ്യമായാണ് ഇത്രയേറെ പ്രാധാന്യത്തോടെ ലോകം ജിസിസി ഉച്ചകോടിയെ വീക്ഷിക്കുന്നത്.