റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും താമസ വാടക കരാർ നിർബന്ധമാക്കിക്കൊണ്ടുള്ള പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽ യമാമ കൊട്ടാരത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രി സഭാ യോഗമാണ് നിർദേശത്തിന് അനുമതി നൽകിയത്. ഇതിന് വേണ്ടി ഭവനമന്ത്രാലയവും തൊഴിൽ മന്ത്രാലയവും ഓൺലൈൻ വഴി ബന്ധിപ്പിക്കും.

കഴിഞ്ഞ മാസം ചേർന്ന സാമ്പത്തിക, വികസന സമിതിയുടെ നിർദേശമനുസരിച്ചണ് വാടക കെട്ടിടത്തിന്റെ റജിസ്ട്രേഷൻ ഓൺലൈൻ വഴിയാക്കാൻ ഭവന മന്ത്രാലയം തീരുമാനിച്ചത്. ‘ഇജാർ’ എന്ന ഓൺലൈൻ സംവിധാനം ഇതിനായി മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇജാറിൽ റജിസ്റ്റർ ചെയ്യാത്ത വാടക കരാറുകൾ അസാധുവായി ഗണിക്കുമെന്നും മന്ത്രിസഭാ തീരുമാനത്തിൽ പറയുന്നു. ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ ഓരോ ഇഖാമ ഉടമകളും ഇജാറിൽ റജിസ്റ്റർ ചെയ്യേണ്ടി വരും. അതേസമയം, ഈ നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

സ്ത്രീകളെ ജോലിക്ക് വച്ചില്ല, റിയാദിൽ മുപ്പതോളം കടകൾക്ക് പൂട്ട് വീണു

റിയാദ്: സ്ത്രീകളെ ജോലിക്ക് വയ്ക്കണമെന്ന നിയമം ലംഘിച്ച മുപ്പതോളം കടകൾ തൊഴിൽകാര്യ ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തു. സാമൂഹ്യ വികസന മന്ത്രാലയ ബ്രാഞ്ച് ഓഫീസും പൊലീസും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. മാളുകളിൽ ബന്ധപ്പെട്ട സ്വദേശി സ്ത്രീകൾക്ക് ജോലി നൽകുന്നതിന് നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ